കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം നീളുന്നതിനിടെ, മുഖ്യപ്രതിയായ ജോളിയെ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. ജോളിയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു എന്നാണ് സൂചന.
അതേസമയം, മരണമടഞ്ഞ റോയി തോമസിന്റെ സഹോദരൻ റോജോയെ അമേരിക്കയിൽ നിന്ന് വിളിച്ച് വരുത്തു. റോജോ ആയിരുന്നു പരാതിക്കാരൻ. അന്വേഷണം ശക്തമാക്കുന്നതിന് കൂടുതൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തുമെന്ന് ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
വിശദമായ ചോദ്യം ചെയ്യലിന് കൂടുതൽ ആളുകളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ഷാജുവിന്റെ ആദ്യഭാര്യ മരണമടഞ്ഞ സിലിയുടെ സഹോദരൻ , സഹോദരി, അമ്മാവൻ, ഒരു ബന്ധു എന്നിവരിൽ നിന്ന് മൊഴിയെടുത്തു.
അതേസമയം, ജോളിയുമായി ബന്ധമുള്ള പ്രാദേശിക സി. പി. എം നേതാവായ കെ. മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇമ്പിച്ചി മൊയ്‌തീൻ എന്ന ഒരു പ്രാദേശിക ലീഗ് നേതാവിന്റെ പങ്കിനെ പറ്റിയും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. സ്വത്ത് തട്ടിയെടുക്കാൻ ജോളി വ്യാജ ഒസ്യത്ത് ചമച്ചതുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. കള്ള ഒസ്യത്ത് ഉണ്ടാക്കാൻ മുൻ ഡെപ്യൂട്ടി തഹസീൽദാരായ ജയശ്രീയും സഹായിച്ചെന്നും ആരോപണമുണ്ട്.
സയനൈഡിന്റെ അംശം കണ്ടെത്താനായി, മരിച്ചവരുടെ ഭൗതികാവശിഷ്‌ടങ്ങൾ അമേരിക്കയിലെ ലാബിൽ അയയ്ക്കാൻ ആലോചിക്കുന്നതായി കോഴിക്കോട് റൂറൽ എസ്.പി സൈമൺ പറഞ്ഞു. ഇന്ത്യയിലെ ലാബുകളിൽ കാലപ്പഴക്കം വന്ന ശരീരാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താനാവില്ലെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതിനെ തുടർന്നാണിത്. സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെങ്കിൽ പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇടയാകും. എന്നാൽ അമേരിക്കൻ ലാബുകളുടെ പരിശോധനാഫലം ഇന്ത്യൻ കോടതികൾ തെളിവായി സ്വീകരിക്കില്ലെന്ന് ഒരു പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പറഞ്ഞു.
അതിനിടെ ചാത്തമംഗലത്ത് മരണമടഞ്ഞ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മകൻ രോഹിത് ക്രൈംബ്രാഞ്ചിന് പരാതി നൽകി. മരണത്തിൽ ജോളിക്കും ചാത്തമംഗത്തെ ബ്യൂട്ടി പാർലർ ഉടമ സുലേഖയ്ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം.ഭൂമി വിറ്റ വകയിൽ ലഭിച്ച 55 ലക്ഷം രൂപ കാണാതായെന്നും അതിനിടയിലാണ് കൂടത്തായിയിലേതിന് സമാനമായ രീതിയിൽ പിതാവ് മരണമടഞ്ഞതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന ജോളിക്ക് ഇന്നലെ രാവിലെ വയറ് വേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ബീച്ച് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി. ചികിത്സ കഴിഞ്ഞ് ജയിലിൽ തിരിച്ചെത്തിക്കുകയും ചെയ്തു. ജയിലിൽ ജോളി ആത്മഹത്യാ പ്രവണത കാണിക്കുന്നതായി ജയിൽ അധികൃതർ സൂചിപ്പിട്ടുണ്ട്. ഇതുകാരണം സദാസമയവും പ്രത്യേക നിരീക്ഷണത്തിലാണ്.
സിലിയുടെ മരണത്തിൽ ദുരൂഹതയൊന്നും തോന്നിയിരുന്നില്ലെന്നും സമാന ലക്ഷണങ്ങളുമായി സിലി മുമ്പും ചികിത്സ തേടിയിട്ടുണ്ടെന്നും സിലിയെ ചികിത്സിച്ച ഓമശേരിയിലെ ശാന്തി ആശുപത്രി അധികൃതർ പറഞ്ഞു.