shaktikantha-das

മുംബയ്: സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ മുഖ്യ പലിശനിരക്കുകൾ താഴ്‌ന്നതലത്തിൽ തന്നെ നിലനിറുത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പലിശനിരക്ക് കുറയ്ക്കാനുള്ള റിസർവ് ബാങ്കിന്റെ 'മനോഭാവമായ" അക്കോമഡേറ്റീവ് സ്‌റ്റാൻസ് തത്കാലം തുടരും. റിപ്പോയുടെ മിനിമം നിരക്ക് എത്രയെന്നോ ഇനിയും എത്രത്തോളം കുറയ്‌ക്കാമെന്നോ റിസർവ് ബാങ്ക് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ധനനയ നിർണയ യോഗത്തിൽ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് റിസർവ് ബാങ്ക് 5.15 ശതമാനമാക്കിയിരുന്നു. തുടർച്ചയായ അഞ്ചു യോഗങ്ങളിലായി റിപ്പോ നിരക്കിലുണ്ടായ കുറവ് 1.35 ശതമാനമാണ്. റിപ്പോ 4.75 മുതൽ അഞ്ചു ശതമാനം വരെയായി താഴ്‌ത്താമെന്നാണ് റിസർവ് ബാങ്കിന്റെ അലിഖിത ചട്ടം. എന്നാൽ, സമ്പദ്‌സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ നിരക്കുകൾ അതിലും താഴെയായി കുറച്ചേക്കുമെന്ന സൂചനയാണ് ശക്തികാന്ത ദാസ് നൽകിയത്.

സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപനങ്ങളിലൂടെ കേന്ദ്രസർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ വരുമാനക്കുറവുണ്ടാകുമെന്നും അത്, ധനക്കമ്മിയെ സാരമായി ബാധിക്കുമെന്നുമുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ധനക്കമ്മി നിയന്ത്രണ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷയെന്നും വരുമാനം കൂട്ടാനുള്ള വഴികൾ സർക്കാരിന്റെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.