sbi

ന്യൂഡൽഹി: എസ്.ബി.ഐ ഇടപാടുകാർക്ക് ഇനി ഡെബിറ്ര് കാർഡുമായി ബന്ധിപ്പിച്ച ഇ.എം.ഐ സേവനം സ്വന്തമാക്കാം. യോഗ്യരായ പോയിന്റ് ഒഫ് സെയിൽ (പി.ഒ.എസ്) ഉപഭോക്താക്കൾക്ക് ആറു മുതൽ 18 മാസം വരെ തവണവ്യവസ്ഥയുള്ള ഇ.എം.ഐ (പ്രതിമാസ തിരിച്ചടവ്) സൗകര്യമാണ് നൽകുക. തിരഞ്ഞെടുക്കപ്പെട്ട ഉത്‌പന്ന ബ്രാൻഡുകൾ പർച്ചേസ് ചെയ്യുന്നവർക്ക് ഡോക്യുമെന്റേഷനുകൾ ഇല്ലാതെയും ശാഖകൾ സന്ദർശിക്കാതെയും തത്‌സമയം വായ്‌പ നേടാം.

പ്രോസസിംഗ് ഫീസ്, പലിശഭാരം (സീറോ കോസ്‌റ്റ്) എന്നിവ ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്. തിരഞ്ഞെടുക്കപ്പെട്ട ഉത്‌പന്നങ്ങൾ വാങ്ങാനുള്ള തുകയാണ്, ഡെബിറ്ര് കാർഡ് മുഖേന ഉടനടി വായ്‌പയായി ബാങ്ക് നൽകുക. പർച്ചേസ് ഇടപാട് നടന്നതിന്റെ അടുത്തമാസം മുതൽ ഇ.എം.ഐ ആരംഭിക്കും. ഒരു മിനുട്ടിനകം വായ്‌പ നേടാൻ കഴിയുമെന്ന് ബാങ്ക് വ്യക്തമാക്കി.

നേരത്തേ, വായ്‌പാ തിരിച്ചടവുകൾ കൃത്യമായി പാലിച്ചവർക്ക് മാത്രമേ ഡെബിറ്ര് കാർഡ് അധിഷ്‌ഠിത ഇ.എം.ഐ സേവനം ലഭിക്കൂ. രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന് ബാങ്കിന്റെ 567676 എന്ന നമ്പറിലേക്ക് DCEMI എന്ന് എസ്.എം.എസ് അയയ്ച്ച് ഉപഭോക്താക്കൾക്ക് യോഗ്യത പരിശോധിക്കാം. 1,500 നഗരങ്ങളിലായുള്ള 40,000ത്തോളം വരുന്ന വ്യാപാരികളിൽ നിന്ന് ഉത്‌പന്നങ്ങൾ വാങ്ങാൻ ഡെബിറ്റ് കാർഡ് ഇ.എം.ഐ സേവനം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ഇവിടങ്ങളിൽ ആകെ 4.5 ലക്ഷം പി.ഒ.എസ് മെഷീനുകൾ എസ്.ബി.ഐ സ്ഥാപിച്ചിട്ടുണ്ട്.

ഡെബിറ്റ് കാർഡ് ഇ.എം.ഐ

 നേരത്തേ വായ്‌പാത്തിരിച്ചടവ് കൃത്യമായി പാലിച്ചവർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.

 തിരഞ്ഞെടുക്കപ്പെട്ട ഉത്‌പന്നങ്ങൾ വാങ്ങാൻ ഉടനടി വായ്‌പ

 തിരിച്ചടവ് കാലാവധി ആറു മുതൽ 18 മാസം വരെ

 പേപ്പർ വർക്കുകളില്ലാതെയും ശാഖകൾ സന്ദർശിക്കാതെയും വായ്‌പ നേടാം

 പ്രോസസിംഗ് ഫീസ് ഉണ്ടാവില്ല. സീറോ കോസ്‌റ്റ് ഇ.എം.ഐ എന്നതും പ്രത്യേകത