ആകാശഗംഗ റിലീസിന് ഒരുങ്ങുകയാണ് എന്ന പ്രഖ്യാപനവുമായി സംവിധായകൻ വിനയൻ. ചിത്രത്തിന്റെ അറ്റ്മോസ് സൗണ്ട് മിക്‌സിംഗിന്റേയും ഗ്രാഫിക്സിന്റെയും ജോലികൾ അവസാന ഘട്ടത്തിലാണെന്നും വിനയൻ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനയൻ ഇക്കാര്യം പറഞ്ഞത്. പത്തുവർഷം നീണ്ടുനിന്ന സിനിമയിലെ 'നീചമായ വിലക്കി'ന് ശേഷവും തിരിച്ചുവന്ന താൻ 'ചാലക്കുടിക്കാരൻ ചങ്ങാതി' സംവിധാനം ചെയ്ത് വിജയിപ്പിച്ചത് നിലപാടിനും സത്യസന്ധതയ്ക്കും ലഭിച്ച അംഗീകാരമായാണ് കണക്കാക്കുന്നതെന്നും വിനയൻ പറഞ്ഞു. 'നങ്ങേലി' എന്ന പേരിലുള്ള ഒരു ചിത്രവും മോഹൻലാലിനെയും ജയസൂര്യയെയും നായകന്മാരാക്കി സിനിമകൾ സംവിധാനം ചെയ്യാൻ പോകുകയാണെന്നും വിനയൻ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ മോഹൻലാൽ തന്റെ ത്രീ ഡി ചിത്രം സംവിധാനം ചെയ്യുന്നതിനാൽ അടുത്ത വർഷം അവസാനം മാത്രമേ തന്റെ മോഹൻലാൽ ചിത്രം ആരംഭിക്കാനാകൂ എന്നും വിനയൻ വ്യക്തമാക്കി.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
"ആകാശഗംഗ 2" നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്.. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണ്..സിനിമാരംഗത്ത് പത്തുവർഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാൻ കാണുന്നു... ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും "നങ്ങേലി"യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ.
ഇതിനിടയിൽ 3d ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എൻെറ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊർജ്ജ്സ്വലമായി ഇന്നും നിലനിൽക്കുന്നു എന്നതാണു സത്യം.. അതുകൊണ്ടുതന്നെ തികച്ചും പുതുമയാർന്ന ചില സബ്ജക്ടുകൾക്കായി ഞാൻ ശ്രമിക്കുന്നുണ്ട്.. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന "ആകാശഗംഗ2" വിലും നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്.. ചിത്രത്തിൻെറ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു..
നല്ലൊരു എൻറർടൈനർ നിങ്ങൾക്കായി കാഴ്ചവയ്കാൻ ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന് എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു..'