കോഴിക്കോട്: ചാത്തമംഗലം സ്വദേശി രാമകൃഷ്ണന്റെ അസ്വാഭാവിക മരണത്തിന് കൂടത്തായി കൊലക്കേസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ രാമകൃഷ്ണന്റെ മകൻ രോഹിത്ത് ക്രൈംബ്രാഞ്ചിന് പരാതി നൽകി.
റിയൽ എസ്റ്റേറ്റ് ഇടപാടുകളും വാഹന കച്ചവടവും നടത്തിയിരുന്ന രാമകൃഷ്ണൻ 2016 മേയ് 17 നാണ് മരണമടഞ്ഞത്. ഉച്ചഭക്ഷണം കഴിഞ്ഞ് വീടിന്റെ മുകൾനിലയിൽ കിടക്കാൻ പോയ അദ്ദേഹം പെട്ടെന്ന് വെള്ളം കുടിക്കാൻ താഴേയ്ക്കു വരികയും വെള്ളം കുടിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയും ചെയ്തു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചുവെന്ന് പരാതിയിൽ പറയുന്നു.
രാമകൃഷ്ണന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്പലക്കണ്ടിയിലെ മജീദും, ഭാര്യയും കോഴിക്കോട് എൻ.ഐ.ടിക്കു സമീപമുള്ള ബ്യൂട്ടി പാർലറിന്റെ ഉടമയുമായ സുലേഖ. ഇവരുമായി രാമകൃഷ്ണന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി മകൻ രോഹിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ സുലേഖയുടെ ബ്യൂട്ടി പാർലറിലാണ് കൂടത്തായി കൊലക്കേസിലെ പ്രധാന പ്രതി ജോളി സ്ഥിരമായി വന്നിരുന്നത്.
മരിക്കുന്നതിനു മുമ്പ് രാമകൃഷ്ണന് സ്വന്തമായിരുന്ന അഞ്ചര ഏക്കറോളം പുരയിടം 55 ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയിരുന്നു. എന്നാൽ ഈ പണം മക്കളുടെയോ കുടുംബാംഗങ്ങളുടെയോ കൈവശം എത്തിയിട്ടില്ല. ഹൃദയാഘാതം മൂലമാണ് രാമകൃഷ്ണൻ മരിച്ചതെന്ന് ഇക്കാലമത്രയും കരുതിയിരുന്ന കുടുംബം കൂടത്തായിയിലെ കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെയാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. സമാനമായ രീതിയിലുള്ള മരണമായതിനാലും, വലിയ തുക കാണാതായതിനാലും സംശയം സ്വാഭാവികവുമായിരുന്നു. രാമകൃഷ്ണന്റെ സുഹൃത്തായ സുലേഖയും ജോളിയും തമ്മിലുണ്ടായിരുന്ന ബന്ധം സംശയം ബലപ്പെടുത്തുന്നതാണ്.
ജോളിയുടെ ഫോൺ
കണ്ടെടുക്കാനായില്ല
ജോളിയുടെ സാമ്പത്തിക ഇടപാടുകൾ തിരിച്ചറിയുന്നതിന് ഇവരുടെ മൊബൈൽ ഫോൺ തേടി അന്വേഷണസംഘം ഇന്നലെ രണ്ടാം ഭർത്താവ് ഷാജുവിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഫോണിനെക്കുറിച്ച് അറിയില്ലെന്നാണ് ഷാജു അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് പൂട്ടി മുദ്രവച്ച പൊന്നാമറ്റം വീട്ടിൽ ഫോൺ ഉണ്ടാകാമെന്നും ഷാജു പറഞ്ഞു. ജോളിയുടെ ഫോൺ അന്വേഷണത്തിൽ നിർണായകമാണെന്ന് അന്വേഷണ സംഘം കരുതുന്നു. ജോളി ദീർഘനേരം പലരുമായും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു എന്ന് ഷാജു വെളിപ്പെടുത്തിയിരുന്നു.
"മരിക്കുന്നതുവരെ അച്ഛൻ വളരെ ആരോഗ്യവാനും, യാതൊരുവിധ അസുഖങ്ങളുമില്ലാതെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ആളുമായിരുന്നു".
- രോഹിത്ത് (രാമകൃഷ്ണന്റെ മകൻ)