joli

കള്ളക്കഥകൾ മെനഞ്ഞ് കേസ് കൂടുതൽ സങ്കീർണം ആക്കാനായിരിക്കും ഇനി ജോളി ശ്രമിക്കുക എന്ന് പൊലീസ് നിഗമനം പതിന്നാലു വർഷങ്ങൾക്കിടെ ഭർത്താവും ഭർതൃമാതാവും പിതാവും ഉൾപ്പെടെ കുടുംബത്തിലെ ആറു പേരെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ജോളി,​ കൂടുതൽ പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി എസ്.പി കെ.ജി. സൈമൺ വെളിപ്പെടുത്തി. റോയിയുടെ സഹോദരി റെഞ്ചി,​ സ്വത്ത് തട്ടിയെടുക്കാൻ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തുമായി ബന്ധമുള്ളതായി സംശയിക്കുന്ന അന്നത്തെ താമരശേരി ഡെപ്യൂട്ടി തഹസീൽദാർ ജയശ്രീ എന്നിവരുടെ പെൺമക്കളെ കൊലപ്പെടുത്താൻ താൻ പദ്ധതിയിട്ടിരുന്നതായി കസ്റ്റഡിയിലിരിക്കെ നടത്തിയ ചോദ്യം ചെയ്യലിൽ ജോളി പറഞ്ഞതായാണ് അന്വേഷണ സംഘത്തലവൻ പറഞ്ഞത്.

ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിന്റെ കാര്യം എത്രയും പെട്ടെന്ന് ശരിപ്പെടുത്തിക്കൊടുക്കാൻ വില്ലേജ് ഓഫീസിലേക്കു വിളിച്ച് നിർദ്ദേശം നൽകിയത് ജയശ്രീയാണ്. ഇപ്പോൾ കോഴിക്കോട് ലാൻഡ് റിഫോംസ് തഹസീൽദാർ ആണ് ജയശ്രീ. ജോളിയുടെ കുടുംബവുമായി ബന്ധുത്വമില്ലാത്ത ജയശ്രീയുടെ മകളെ എന്തിന് കൊലപ്പെടുത്താൻ പദ്ധതിയിട്ടുവെന്ന് വ്യക്തമല്ല. തന്നെയും കുടുംബാംഗങ്ങളെയും ജോളി കൊലപ്പെടുത്താൻ സാധ്യതയുണ്ടായിരുന്നുവെന്ന് ഷാജുവിന്റെ അച്ഛൻ സഖറിയാസ് ഇന്നലെ പറഞ്ഞിരുന്നു. റോയിയുടെ മാതാവ് അന്നമ്മ തോമസിന് നേരത്തേയും ഒരു തവണ സയനൈഡ് നൽകിയിരുന്നതായി ജോളി ചോദ്യംചെയ്യലിൽ വ്യക്തമാക്കിയിരുന്നു.

ആറു പേരെ കൊലപ്പെടുത്തിയിട്ടും കുറ്റബോധമോ ഭീതിയോ ഇല്ലാതിരിക്കുകയും,​ കൂടുതൽ പേരെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയും ചെയ്ത ജോളിക്ക് കൊലപാതകവാസന ഒരു രോഗമെന്ന നിലയിൽ ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.നേരിട്ട് ബന്ധമില്ലാത്ത വ്യക്തികളെപ്പോലും പ്രത്യേക കാരണം കൂടാതെ,​ കൊലപ്പെടുത്തുന്ന വിചിത്രമായ മാനസികനില ആയിരിക്കാം ജോളിക്കെന്നും സംശയിക്കപ്പെടുന്നു. തന്നെ അപായപ്പെടുത്തുമെന്നു ഭയന്നാണ് ജോളിയുടെ പല കാര്യങ്ങളും താൻ അന്വേഷിക്കാതിരിക്കുകയും പലതിനു നേർക്കും കണ്ണടയ്‌ക്കുകയും ചെയ്തതെന്ന് ഭർത്താവ് ഷാജുവും ഇന്നലെ പറഞ്ഞിരുന്നു.

ജോളി ചെയ്ത കൊലപാതകങ്ങൾക്കോ,​ പദ്ധതിയിട്ടതായി പറയുന്ന കൊലപാതകങ്ങൾക്കോ ഒരു തെളിവുമില്ല എന്നതാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ വലയ്‌ക്കുന്നത്. കസ്റ്റഡിയിൽ വാങ്ങി ജോളിയെ വിശദമായി ചോദ്യംചെയ്‌താലും വിചിത്രവും അസാധാരണവുമായ മാനസിക നിലയുള്ള ഇവർ ഇനി ശ്രമിക്കുക കേസ് കൂടുതൽ സങ്കീർണമാക്കാനായിരിക്കും. അന്വേഷണം വഴിതെറ്റിച്ച്,​ അതിൽ ആനന്ദിക്കുക എന്നതും ഇത്തരം മാനസികനിലയുള്ളവരുടെ പതിവാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ്,​ ജോളിയുടെ അന്വേഷണത്തിന് പുതിയ രീതി അവലംബിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞത്.