തിരുവനന്തപുരം: അനന്തപുരിയിലെ ആരാധകരുടെ ആഹ്ലാദരവങ്ങൾക്കിടയിലേക്ക് ലോക ബാഡ്മിന്റണിലെ ഇന്ത്യൻ സെൻസേഷൻ പി.വി. സിന്ധു പറന്നിറങ്ങി. ലോക ബാഡ്മിന്റൺ ചാമ്പ്യനായ സിന്ധു കേരളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാൻ ഇന്നലെ രാത്രി 8 മണിക്കുള്ള വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്.
തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാനത്താവളത്തിലെത്തിയ സിന്ധുവിനെ കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളും കായിക താരങ്ങളും ചേർന്ന് സ്വീകരിച്ചു. താരത്തെ കാണാനായി വലിയ ആരാധകവൃന്ദമാണ് വിമാനത്താവളത്തിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ തിരിക്കിനിടയിൽ നിന്ന് ഏറെ പണിപ്പെട്ടാണ് സിന്ധുവിനെ കാറിനടുത്തെത്തിച്ചത്. മസ്ക്കറ്റ് ഹോട്ടലിലാണ് സിന്ധുവിന് താമസമൊരുക്കിയത്. ഇന്ന് കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി സിന്ധുവിന് സ്വീകരണം നൽകും.
രാവിലെ 6 മണിക്ക് സിന്ധു ശ്രീപത്മനാഭ ക്ഷേത്രം ദർശനം നടത്തും. 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് എം.പി. അപ്പൻ റോഡിലെ കേരള ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരം 'ഒളിമ്പിക് ഭവൻ" സന്ദർശിക്കും. ഉച്ചക്ക് 2 മണിക്ക് സിന്ധുവിനെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നും തുറന്ന ജീപ്പിൽ സൈക്കിളിംഗ് താരങ്ങൾ, റോളർ സ്കേറ്റിംഗ്, അശ്വാരുഡ പോലീസ് സേന, വിവിധ കായിക താരങ്ങൾ എന്നിവർ ചേർന്ന് വൻജനാവലിയുടെ അകമ്പടിയോടെ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ നടത്തും.
3.30 ന് ആദരിക്കൽ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.പി. ഡോ. ശശിതരൂർ, എം.എൽ.എ വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.