റിയാദ്: സൗദിയിൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നതോടെ കാൽ ലക്ഷത്തോളം വിദേശികളാണ് രാജ്യത്തെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓൺ അറൈവൽ വിസ സമ്പ്രദായവും ലളിതമായ നടപടിക്രമങ്ങളും ടൂറിസ്റ്റുകളെ രാജ്യത്തേക്ക് കൂടുതൽ ആകൃഷ്ടരായി എത്തുകയാണ്. സെപ്തംബർ 27 വെള്ളിയാഴ്ച മുതലാണ് വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിച്ച് തുടങ്ങിയത്. 2030 ഓടെ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നായി മാറാനാണ് സൗദി ലക്ഷ്യമിടുന്നത്. 2030ഓടെ പ്രതിവർഷം 100 ദശലക്ഷം വിനോദസഞ്ചാരികൾ രാജ്യത്തെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
ആദ്യ പത്ത് ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെത്തിയത് 24,000 വിദേശികളാണ് (23,715). ഏഴായിരത്തിലധികം (7391) വിസകൾ നേടികൊണ്ട് ചൈനയാണ് ഇതിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത്. 6000 വിസകൾ (6159) നേടി ബ്രിട്ടനും, 2000 വിസകൾ കരസ്ഥമാക്കി (2132) അമേരിക്കയും പിറകിലുണ്ട്.. കൂടാതെ ഫ്രാൻസ്, ജർമ്മനി, കാനഡ, മലേഷ്യ, റഷ്യ, ആസ്‌ട്രേലിയ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ടൂറിസ്റ്റുകൾക്കും വിദേശ മന്ത്രാലയം വിസകൾ അനുവദിച്ചു. രാജ്യത്തെത്താന്‍ സ്‌പോൺസറുടെ ആവശ്യമില്ല എന്നതും, വിശ്വാസികൾക്ക് ഹജ്ജ് സീസണിലൊഴികെ ഉംറ ചെയ്യാൻ സാധിക്കുന്നു എന്നതും കൂടുതൽ ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകൃഷ്ടരാക്കുമെന്നാണ് വിലയിരുത്തുന്നത്.