jallikkattu

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്' നല്ല പ്രതികരണം നേടി മുന്നേറുന്നുണ്ടെങ്കിലും കൂടുതൽ പേർക്കും സിനിമയെ കുറിച്ച് സമ്മിശ്രമായ അഭിപ്രായമാണ് ഉള്ളത്. ചിലർ ചിത്രത്തിനുമേൽ അളവില്ലാത്ത പ്രശംസകൾ വാരിച്ചൊരിയുമ്പോൾ മറ്റു ചിലർക്ക് 'അത്ര പോരാ' എന്ന മട്ടാണ്. ഇതിനിടെ 'ജല്ലിക്കട്ടി'ന്റെ കാഴ്ചാനുഭവം വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യ നിരൂപക സോഫിയ ജെയിൻസ്. ചിത്രം അത് അടിസ്ഥാനമാക്കിയ എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയോട് നീതി പുലർത്തിയില്ലെന്നും കഥയുടെ രാഷ്ട്രീയത്തെ ചിത്രം അപ്രസക്തമാക്കിയെന്നും സോഫിയ ചൂണ്ടിക്കാട്ടുന്നു. മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ രക്തദാഹികളും മാംസകൊതിയന്മാരുമാക്കി ചിത്രീകരിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും സോഫിയ വിമർശിക്കുന്നു.

സോഫിയ ജെയിൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'ഒരു സംവിധായകനെന്ന നിലയിൽ ലിജോ ജോസ് പെല്ലിശേരിയെ ഓർമ്മയും ശ്രദ്ധയും തിരിച്ചറിയാൻ തുടങ്ങുന്നത്
ആമേൻ എന്ന അഭ്രകാവ്യത്തിലൂടെയാണ് . ഈ മ യൗ കണ്ടതോടെ ലിജോയുടെ അടുത്ത സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എസ് ഹരീഷിന്റെ നിരവധി മാനങ്ങളുള്ള മാവോയിസ്റ്റ് എന്ന കഥ എങ്ങനെയാവും ലിജോ അവതരിപ്പിക്കുക എന്ന ആകാംക്ഷയുണ്ടായിരുന്നു. എന്നാൽ ജെല്ലിക്കെട്ട് കണ്ടിറങ്ങിയപ്പോൾ അത് അത്രയേറെ ആവേശമൊന്നും കൊള്ളിച്ചില്ല എന്നതിൽ Social media hype ഉം LJP വാഴ്ത്തുപാട്ടുകാരും പൊറുക്കട്ടെ. ഉവ്വ് , ത്രസിപ്പിച്ചിട്ടുണ്ട്. അത് പക്ഷേ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമാണ്. ദൃശ്യങ്ങൾക്കു മേൽ ദൃശ്യങ്ങൾ ഉച്ചസ്ഥായിയിൽ വിന്യസിച്ച് പ്രേക്ഷകരുടെ കൺകെട്ടുകയാണ് സംവിധായകൻ. സദാ മുഖരിതമായ സ്ക്രീൻ അരോചകമാണ് ചിലപ്പോഴെങ്കിലും . അതിനാലാവണം പിന്തുടരാനാവാത്തതിനാൽ പലപ്പോഴും convey ചെയ്യാത്ത സംഭാഷണങ്ങൾ, ദൃശ്യങ്ങൾ എന്നിവയും ആ പോത്തിനു പിറകെ ഓടുകയാണ്. ലിജോ സിനിമയുടെ കാതലാക്കിയത്.

മാവോയിസ്റ്റിലെ പല വിതാനങ്ങളിലൊന്നായ, മനുഷ്യൻ അടിസ്ഥാനപരമായി മൃഗമാണ്, വേട്ടയാടാനുള്ള ത്വര അവന്റെ ചോദനയാണ് എന്ന ഒരു ലൈൻ മാത്രമാണ് . അത് പ്രേക്ഷകർക്ക് മനസിലാവാതെ പോയാലോ എന്ന് മൂപ്പർക്ക് ഭയമുണ്ട്. അഥവാ പ്രേക്ഷകരെ under estimate ചെയ്യുന്നതിനാലാവണം സിനിമയിൽ അത് നേരിട്ടങ്ങു പറയുകയും ,എന്നിട്ടും മനസിലാവാത്തവർക്കു വേണ്ടി സിനിമാന്ത്യത്തിൽ സിംബോളിക് ആയി ചിത്രീകരിക്കുകയും ചെയ്തു. ഗതികേട് ! അപ്പഴേക്കും കഥയുടെ രാഷ്ട്രീയം മുഴുവനും സ്വന്തം നരേഷന്റെ ഈ സെലക്ഷനിലൂടെ ലിജോ അപ്രസക്തമാക്കി. മുഖമറ്റ പെണ്ണുങ്ങൾ വെറും കാഴ്ചക്കാരാവുന്ന ,വേട്ട ദാഹത്തിന്റെ വന്യതക്കപ്പുറം നിൽക്കുന്ന ഒരാൾ പോലും ഇല്ലാത്ത ഒരിടമാണ് സിനിമയുടെ ഭൂമിക എന്നത് സാമാന്യ ബോധത്തോട്, ബോധ്യങ്ങളോട് ചില ചോദ്യങ്ങളുയർത്തും. സിനിമക്ക് ആധാരമായ മാവോയിസ്റ്റ് എന്ന കഥ വായിക്കാത്ത മലപ്പുറം/കോഴിക്കോടൻ /കണ്ണൂർ പ്രേക്ഷകർക്ക് , കുടിയേറ്റക്കാരായ ഇടുക്കിക്കാരാകെ ഇറച്ചിക്കായി - അതിപ്പോ പെണ്ണിന്റെയാണെങ്കിലും - പോത്തിന്റെയാണെങ്കിലും ശരി - എന്തിനും തയ്യാറുള്ളവരാകുകയാണ്. ഒരേ മാനറിസമുള്ള നാട്ടുകാരോ എന്ന് ചോദിക്കരുത്.

Mobile ഒക്കെ ഉപയോഗിക്കുന്നതായി ചിത്രീകരിക്കുന്നതിലൂടെ കഥ സമകാലികമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും മലയോര നിവാസികളെ മുഴുവൻ മാംസദാഹികളായ വേട്ടക്കാരാക്കുന്ന വിരോധാഭാസമാണ് കഥയുടെ നിരവധി മാനങ്ങളുള്ള രാഷ്ട്രീയത്തെ റദ്ദ് ചെയ്യുന്നത്. ആൾക്കൂട്ടമായതിനാൽ കഥാപാത്രങ്ങൾക്ക് പ്രസക്തിയില്ലാത്ത സിനിമയാണ്. എങ്കിലും ചെമ്പനും ഒരു പരിധി വരെ ജാഫർ ഇടുക്കിയും ഒഴികെയുള്ളവർ അഭിനയം കൊണ്ട് ചെറുതല്ലാതെ ബോറടിപ്പിച്ചു. പ്രത്യേകിച്ച് എസ് ഐ , അയാളുടെ ഭാര്യ ,പള്ളീലച്ചൻ, നാട്ടു പ്രമാണി, കുട്ടച്ചൻ എന്നിവർ. കണ്ടിറങ്ങിയപ്പോൾ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരേ ഒരു ചിത്രം പോത്തിറച്ചി കിട്ടാത്തതിനാൽ കോഴിയെ തിരഞ്ഞ് പോകേണ്ടി വരുന്ന ജാഫറിന്റെ തലയിലെ പക്ഷിക്കെട്ടാണ്. ഇത്രയും പറഞ്ഞതു കൊണ്ട് ജെല്ലിക്കെട്ട് തീരെ മോശം സിനിമയാണെന്നല്ല. കൊള്ളാം .. കണ്ടിരിക്കാം .. അല്ലാതെ നവമാധ്യമങ്ങൾ തള്ളി മറിക്കുന്ന പോലൊന്നുമില്ല എന്നു മാത്രം. ലിജോ, ജെല്ലിക്കെട്ടു പോലല്ലാത്ത വിസ്മയങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയുമുണ്ട്. അവസാനമായി, ലിജോയുടെ ഇതുവരെ വന്നതിൽ ബ്രില്യൻറ് വർക്ക് ഈ .മ. യൗ ആണെന്ന് പറയുമ്പോൾ ബുജികൾ മാപ്പാക്കണം.'