
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതിയായ ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാൻ ശ്രമിച്ചെന്ന് എസ്.പി കെ.ജി സൈമൺ പറഞ്ഞു. മറ്റൊരുവീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ടെന്നും ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയുടെ അറസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതക പരമ്പരയിലെ ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, തഹസിൽദാർ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. തഹസിൽദാരുടെ വീട്ടിൽ തനിക്ക് ജോലി ശരിയാക്കി നൽകിയത് ജോളിയെന്ന് വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞു. ജോളിക്കായി വ്യാജ വിൽപത്രം തയ്യാറാക്കാൻ ജോളിയെ സഹായിച്ച പേരിൽ അന്വേഷണം നേരിടുന്ന തഹസിൽദാർ ജയശ്രീയുടെ വീട്ടിൽ കഴിഞ്ഞ അഞ്ച് വർഷമായി ജോലി ചെയ്യുകയാണ് ലക്ഷ്മി. അതിന് മുമ്പ് ജോളിയുടെ വീട്ടിലും ജോലിക്ക് പോയിരുന്നു. ജോളിയും തഹസിൽദാർ ജയശ്രീയും തമ്മിൽ നല്ല ബന്ധമായിരുന്നെന്നും തഹസിൽദാരുടെ ഗൃഹപ്രവേശനചടങ്ങിലുൾപ്പെടെ ജോളി എത്തിയിരുന്നെന്നും ലക്ഷ്മി പറഞ്ഞു.
ജോളി സയനൈഡ് ആവശ്യപ്പെട്ടത് താമരശേരി മുൻ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീക്ക്, അവരുടെ വളർത്തുനായയെ കൊല്ലാൻ വേണ്ടിയെന്ന് പിടിയിലായ ജൂവല്ലറി ജീവനക്കാരൻ മാത്യു വെളിപ്പെടുത്തിയിരുന്നു. ഒറ്റത്തവണയാണ് ജോളി സയനൈഡ് വാങ്ങിയതെന്നും വർഷങ്ങൾക്ക് മുമ്പു നടന്ന സംഭവമായതിനാൽ എത്ര അളവിലാണ് വാങ്ങിയതെന്ന് ഓർമ്മയില്ലെന്നും മാത്യു പൊലീസിനോട് പറഞ്ഞു. സയനൈഡ് നൽകണമെന്ന് ജയശ്രീയും ആവശ്യപ്പെട്ടിരുന്നു. ജോളിയുടെ വീട്ടിൽ വച്ച് മുമ്പ് കണ്ടിട്ടുണ്ടെന്നല്ലാതെ ജയശ്രീയുമായി അത്ര പരിചയമില്ല.
ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണത്തിനു മുമ്പ്, സ്വർണപ്പണിക്കാരനായ പ്രജുകുമാറിൽ നിന്നാണ് ജോളിക്ക് സയനൈഡ് വാങ്ങി നൽകിയതെന്നും മാത്യു മൊഴി നൽകി. ഈ സയനൈഡ് ആണ് റോയിയെ കൊലപ്പെടുത്താൻ ജോളി ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. ജയശ്രീക്ക് എന്തിനായിരുന്നു സയനൈഡ് എന്ന് വരുംദിവസങ്ങളിൽ അന്വേഷിക്കും. അതേസമയം, ജോളിയെ മുഴുവൻസമയവും നിരീക്ഷിക്കാൻ കോഴിക്കോട് ജയിലിൽ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി.