കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബാംഗങ്ങൾ രംഗത്ത്. പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് മരണങ്ങളിൽക്കൂടി ജോളിക്ക് പങ്കുണ്ടെന്നാണ് സംശയം. നേരത്തെ മരിച്ച ഗൃഹനാഥനായ ടോം തോമസിന്റെ സഹോദരങ്ങളുടെ പുത്രന്മാരായ വിൻസന്റ്, സുനീഷ് എന്നിവരുടെ മരണങ്ങളിലാണ് ബന്ധുക്കളിൽ ഇപ്പോൾ സംശയം ഉടലെടുത്തത്.
ടോം തോമസിന്റെ സഹോദരൻ ഡൊമിനിക്കിന്റെ മകൻ സുനീഷ് 2008 ജനുവരിയിൽ വാഹനാപകടത്തിലാണ് മരിച്ചത്. താൻ ട്രാപ്പിലാണെന്ന് ഇലക്ട്രീഷ്യനായ ഇയാളുടെ ഡയറിക്കുറുപ്പിൽ ഉണ്ടായിരുന്നു. ടോം തോമസിന്റെ മറ്റൊരു സഹോദരനായ അഗസ്റ്റിന്റെ മകൻ വിൻസന്റ് തൂങ്ങിമരിക്കുകയായിരുന്നു. 2002ൽ അന്നമ്മയുടെ മരണം സംഭവിച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു ഇത്. ഇവരെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതാണോയെന്നാണ് കുടുംബാംഗങ്ങളുടെ സംശയം.
സുനീഷിന്റെ മരണം സംഭവിച്ച് മാസങ്ങൾക്ക് ശേഷമാണ് ടോം തോമസിന്റെ മരണം.മരിച്ച രണ്ടുപേർക്കും ജോളിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സുനീഷിന്റെ അമ്മ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് സംശയം തോന്നുന്നതെന്നും അവർ കൂട്ടിച്ചേർത്തു. രണ്ടാഴ്ച മുമ്പ് വരെ ജോളി ഇവിടെ വരാറുണ്ടായിരുന്നെന്നും നല്ല പെരുമറ്റാമായിരുന്നെന്നും ഇവർ പറയുന്നു.