christaleena

വാഷിംഗ്‌ടൺ:ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇന്ത്യ, ബ്രസീൽ പോലുള്ള വികസ്വര രാജ്യങ്ങളിൽ അത് താരതമ്യേന രൂക്ഷമാണെന്ന പ്രസ്താവനയുമായി അന്താരാഷ്ട്ര നാണയ നിധിയുടെ(ഐ.എം.എഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജ്ജീവ ബൾഗേറിയ. ലോകത്തെ വികസിത രാജ്യങ്ങളായ അമേരിക്ക, ജർമനി എന്നിവിടങ്ങളിൽ ഘട്ടം ഘട്ടമായി സാമ്പത്തിക നില തകരാറിലാകുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അത് പ്രകടമായി കാണാൻ സാധിക്കുമെന്നാണ് ക്രിസ്റ്റീന നിരീക്ഷിക്കുന്നത്. ലോകത്തുള്ള 90 ശതമാനം രാജ്യങ്ങളെയും ബാധിച്ചിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് 2019-20 കാലഘട്ടത്തിൽ ഈ രാജ്യങ്ങളുടെ വളർച്ചാ നിരക്ക് ഗണ്യമായി കുറയ്ക്കുമെന്നും ഐ.എം.എഫ് എം.ഡി പറയുന്നു.

'രണ്ടു വർഷം മുൻപ് ലോകത്തിന്റെ സാമ്പത്തിക സ്ഥിതി പതുക്കെ പതുക്കെ മുകളിലേക്ക് പോകുകയിരുന്നു. ജി.ഡി.പി അടിസ്ഥാനമാക്കി നോക്കിയാൽ ലോകത്തിലെ 75 ശതമാനം സമ്പദ്‌വ്യവസ്ഥകളും മുന്നോട്ട് കുതിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ സമ്പദ്ഘടന താഴേക്ക് പോകുകയാണ്. 2019ൽ 90 ശതമാനം രാജ്യങ്ങളിലും താഴ്ന്ന വളർച്ചാനിരക്കായിരിക്കും ഉണ്ടാകുക.' ഐ.എം.എഫ് മേധാവിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിൽ ക്രിസ്റ്റലീന പറഞ്ഞു. അമേരിക്കയിലും, ജർമനിയിലും തൊഴിലില്ലായ്മ മുൻപെങ്ങും ഇല്ലാത്ത വിധം രൂക്ഷമാണെന്നും ജപ്പാനിലും യൂറോപ്പിലും സാമ്പത്തിക ഇടപാടുകൾ താഴേക്ക് പോകുകയാണെന്നും ക്രിസ്റ്റലീന അഭിപ്രായപ്പെട്ടു. ആഗോള വ്യാപാര വളർച്ച നിലവിൽ നിശ്ചലമായ അവസ്ഥയിലേണെന്നും ക്രിസ്റ്റലീന പറയുന്നു. മുൻപ് കണക്കാക്കിയ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏതാനും ആഴ്ചകൾക്ക് മുൻപാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഐ.എം.എഫ് വെട്ടിക്കുറച്ചത്.