കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ടി.ഒ സൂരജടക്കം മൂന്ന് പ്രതികളുടെ ജാമ്യഹർജി ഹെെക്കോടതി തള്ളി. കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നിപോളിന് മാത്രമാണ് ഹെെക്കോടതി ജാമ്യം അനുവദിച്ചത്. പാലം നിർമാണ അഴിമതിക്കേസിലെ ഒന്നാം പ്രതിയും ആർ.ഡി.എസ് കമ്പനി ഡയറക്ടറുമായ സുമിത് ഗോയൽ, രണ്ടാം പ്രതി കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എം.ടി തങ്കച്ചൻ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്ന മറ്റു പ്രതികൾ. നേരത്തെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്.
പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന കേസിൽ 40 ദിവസമായി റിമാൻഡിലാണ് പ്രതികൾ. പ്രതികൾ സ്വാധീനമുള്ളവരെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ജാമ്യാപേക്ഷയെ എതിർത്തിരുന്നു. മൂന്നു പേർക്കുമെതിരെ തെളിവുകൾ ശക്തമെന്നാണ് വിജിലൻസിന്റെ വാദം. ഇത് അംഗീകരിച്ച കോടതി ഇവരുടെ ജാമ്യാപേക്ഷകൾ തള്ളുകയായിരുന്നു.