വയനാട് : ഏതാനും ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്നത് ജോളിയെന്ന വീട്ടമ്മയുടെ ക്രൂരകൃത്യങ്ങളാണ്. കോഴിക്കോട് കൂടത്തായിയിൽ ഉറ്റബന്ധുക്കളെ ഭക്ഷണത്തിൽ മാരക വിഷമായ സയനൈഡ് ചേർത്ത് ജോളി കൊലചെയ്തപ്പോൾ ഒരു വർഷം മുൻപ് വയനാട് വെള്ളമുണ്ടയിൽ സയനൈഡ് ഉള്ളിൽ ചെന്ന് മരിച്ച മൂന്ന് നിരപരാധികളുടെ ദാരുണമരണവും വാർത്തകളിൽ ഇടം പിടിക്കുകയാണ്. വെള്ളമുണ്ടയിൽ മരണപ്പെട്ടത് സയനൈഡ് കലർന്നതാണെന്ന് അറിയാതെ മദ്യം കഴിച്ച മൂന്ന് പേരാണ്.
ഭാര്യയുമായുള്ള വഴിവിട്ട ബന്ധമുണ്ടെന്ന് കരുതി യുവാവിനെ കൊലപ്പെടുത്താനായി സ്വർണപണിക്കാരനായ പാലത്തിങ്കൽ പി.പി. സന്തോഷ് സുഹൃത്തായ സജിത് കുമാറിന് സയനൈഡ് കലർത്തിയ ഒരു കുപ്പി മദ്യം സമ്മാനിച്ചത്. ഭാര്യയുടെ സഹോദരനായ സതീശന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് സന്തോഷ് സജിത്കുമാറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നിൽ സജിത്കുമാറും സഹോദരിയും തമ്മിലുള്ള വഴിവിട്ട ബന്ധമാണെന്ന സൂചന ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. എന്നാൽ സയനൈഡ് കലർത്തിയ മദ്യം കഴിച്ചത് ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത മൂന്ന് പേരായിരുന്നു.
നാടിനെ നടുക്കിയ മരണങ്ങൾ
കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് വെള്ളമുണ്ട മൊതകരയ്ക്കടുത്ത് കാവും കുന്ന് കോളനിയിലെ മന്ത്രവാദിയുടെ കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടത്. ഗുളികൻ സേവയ്ക്കുള്ള പ്രസാദമായി സജിത് കുമാർ എത്തിച്ച മദ്യം കഴിച്ച് മന്ത്രവാദിയായ എഴുപത്തഞ്ച്കാരനായ തികായിയാണ് ആദ്യം മരണപ്പെട്ടത്. ഈ മരണത്തിൽ ആരും അസ്വഭാവികത ആരോപിച്ചിരുന്നില്ല. എന്നാൽ മരിച്ചയാളുടെ കർമ്മങ്ങൾ നടത്തിയ ശേഷം തിരികെ വീട്ടിലെത്തിയ മകനും മരുമകനും ബാക്കിയിരുന്ന മദ്യവും വിഷം ചേർത്തതറിയാതെ കഴിക്കുകയായിരുന്നു. മദ്യം കഴിച്ചയുടൻ ഇരുവരും കുഴഞ്ഞു വീണു മരണപ്പെട്ടു. ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും കോളനിയിൽ മദ്യം പൂജയ്ക്കായി എത്തിച്ച സജികുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ പിന്നീട് സജികുമാർ വിഷം ചേർത്ത മദ്യമാണെന്ന് അറിയാതെയാണ് മന്ത്രവാദിക്ക് കൈമാറിയതെന്ന് പൊലീസിന് അന്വേഷണത്തിൽ മനസിലാകുകയും, സ്വർണപണിക്കാരനായ എറണാകുളം സ്വദേശി സന്തോഷ് കൊലക്കേസിൽ അറസ്റ്റിലാവുകയുമായിരുന്നു.