ഗാസിയാബാദ്: ഇന്ത്യൻ വ്യോമസേനയുടെ 87–ാം വ്യോമസേനാ ദിനം ആചരിക്കുന്നതിനിടെ വലിയ പരേഡാണ് ഡൽഹിയിൽ നടന്നത്. ഇന്ത്യൻ വ്യോമസേനയുടെ കഴിവും ശക്തിയും വിളിച്ചോതി ഗാസിയാബാദിലെ ഹിന്റൺ വ്യോമതാവളത്തിൽ വ്യോമസേനാ വാർഷികാഘോഷം വിപുലമായിത്തന്നെ നടന്നു. തേജസ് പോർവിമാനവും ചിനൂക്, അപ്പാച്ചെ ഹെലികോപ്ടറും അകമ്പടിയേകിയ പരേഡിൽ ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ നയിച്ചു.
സോവിയറ്റ് കാലത്തെ ഫൈറ്റർ ജെറ്റിന്റെ വികസിത രൂപമാണ് മിഗ് 21 ബൈസൺ. ഇതോടൊപ്പം പാകിസ്ഥാൻ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട റഷ്യൻ നിർമിത സുഖോയ് പോർവിമാനവും വ്യോമാഭ്യാസത്തിൽ അണിനിരന്നു. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ ഹിന്റണിലെ ഈ പ്രകടനങ്ങൾ വായുസേനയുടെ ശക്തിപ്രകടനമായി. ആഘോഷത്തിന്റെ ഭാഗമായി റഷ്യൻ നിർമിത രണ്ട് പോർവിമാനങ്ങൾ ഹിൻഡൺ എയർ ബേസിന് മുകളിലുള്ള ആകാശത്ത് പറന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ ഏറ്റുമുട്ടലിൽ നശിപ്പിച്ചെന്ന് പാകിസ്ഥാൻ വീമ്പിളക്കിയ 'അവഞ്ചർ 1' ജെറ്റും ഇന്നലെ പ്രദർശിപ്പിച്ചു.
ഫെബ്രുവരി 27ന് നടന്ന ഡോഗ്ഫൈറ്റിൽ സുഖോയ് -30 ആകാശത്ത് നിന്ന് വീണു എന്നായിരുന്നു പാക് വാദം. ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ഭീകരരുടെ ക്യാംപിൽ ബോംബെറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ഡോഗ്ഫൈറ്റ് നടന്നത്. ഡോഗ് ഫൈറ്റിൽ അമേരിക്ക നിർമിച്ച എഫ് -16 ഇന്ത്യ വെടിവച്ചിട്ടു. എന്നാൽ, അന്ന് ഇന്ത്യക്ക് ഒരു മിഗ് -21 നഷ്ടപ്പെട്ടു. എന്നാൽ, അമേരിക്കൻ യുദ്ധവിമാനത്തിന്റെ നഷ്ടം നികത്താൻ പാകിസ്ഥാൻ അന്ന് തയ്യാറാക്കിയ കഥയിൽ സുഖോയ് -30 വിമാനങ്ങളിൽ ഒന്ന് നശിപ്പിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഏറ്റവും ആകർഷകമായത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനത്തിന്റെ ഏറെ നേരം നീണ്ടുനിന്ന പ്രകടനങ്ങളായിരുന്നു. സുഹോയ് ജാഗ്വാർ യുദ്ധവിമാനങ്ങളുടെ പ്രകടനവും ആവേശഭരിതമായിരുന്നു. ബാലാക്കോട്ടിൽ മിന്നലാക്രമണം നടത്തിയ മിറാഷ് 2000 യുദ്ധവിമാനങ്ങൾക്ക് കരഘോഷങ്ങളോടെയായിരുന്നു സ്വീകരണം. വിന്റേജ് വിമാനങ്ങൾക്കൊപ്പം സാരംഗ് ഹെലികോപ്ടർ പ്രകടനവും കൈയടിനേടി. ഇന്ത്യൻ വ്യോമസേനയെ കഴിഞ്ഞ 40 വർഷമായി സേവിക്കുന്ന ദക്കോട്ട ഉൾപ്പെടെയുള്ള വിമാനങ്ങളും പ്രകടനങ്ങളിൽ പങ്കെടുത്തു. 1940 മുതൽ 1988 വരെയാണ് ദക്കോട്ട ഡി.സി 3 വിമാനം ഉപയോഗിച്ചിട്ടുള്ളത്.
ഭീകരവാദത്തിന്റെ സ്രഷ്ടാക്കളെ അമർച്ച ചെയ്യുന്നതിൽ രാഷ്ട്രീയനേതൃത്വത്തിന്റെ നിശ്ചയദാർഢ്യമാണു ബാലാകോട്ട് ആക്രമണം തെളിയിക്കുന്നതെന്ന് പരേഡിനെ അഭിസംബോധന ചെയ്ത വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ രാകേഷ്‌കുമാർ സിംഗ് ഭദൗരിയ പറഞ്ഞു. ഭീകരാക്രമണങ്ങളെ നേരിടുന്നതിൽ സർക്കാർ നയം മാറ്റിയതിന്റെ സൂചനയും കൂടിയാണിത്. പാകിസ്ഥാനുള്ളിൽ ആക്രമണം നടത്താനുള്ള വ്യോമസേനയുടെ കഴിവും ഇതിലൂടെ പ്രകടമായെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി തദ്ദേശീയമായ യുദ്ധവിമാനങ്ങളും ആയുധങ്ങളും വികസിപ്പിക്കുന്നതിൽ വ്യോമസേന കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിംഗ് കമാൻഡർ പ്രശാന്ത് നായർ, അഭിനന്ദൻ വർദ്ധമാൻ തുടങ്ങി നിരവധി പേരെ ആദരിച്ചു. കരസേനാ മേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ്. ബദൗരിയ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് എന്നിവർ ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ വ്യോമസേനയ്ക്ക് ആശംസകൾ നേർന്നു.