മലപ്പുറം: സ്വകാര്യ ബസിൽ വച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സബ് രജിസ്ട്രാറെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി നൽകിയ പരാതിയിലാണ് കൊല്ലം സ്വദേശി തന്നെയായ കാഞ്ഞങ്ങാട് സബ് രജിസ്ട്രാറിനെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
പിറകിൽ ഇരിക്കുകയായിരുന്ന ജോയ് ലൈംഗിക താത്പര്യത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. സംഭവസമയത്ത് ജോയി മദ്യപിച്ചിരുന്നു എന്നും യുവതി പറയുന്നുണ്ട്. ബസ് എടപ്പാൾ ഭാഗത്ത് എത്തിയപ്പോഴാണ് യുവതി പൊലീസിന് പരാതി നൽകുന്നത്. തുടർന്ന് ബസ് പിന്തുടർന്ന് എത്തിയ പൊലീസ് കാടാമ്പുഴയിൽ വച്ചാണ് പ്രതിയെ പിടികൂടുന്നത്. പീഡിപ്പിക്കപ്പെട്ട യുവതിയിൽ നിന്നും പരാതി എഴുതിവാങ്ങിയ ശേഷമാണ് പൊലീസ് ജോയിയെ അറസ്റ്റ് ചെയ്തത്.