കൊച്ചി: സ്വർണവിലയിൽ വീണ്ടും കുതിപ്പിന്റെ കാലം. ഇന്ന് പവന് 240 രൂപ വർദ്ധിച്ച് 28400 രൂപയായി. മുപ്പത് രൂപയുടെ വർദ്ധനവോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 3550 രൂപയായിട്ടുണ്ട്. ഒക്ടോബറിൽ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കേരളത്തിൽ കല്യാണ സീസൺ അവസാനിച്ചെങ്കിലും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ സ്വർണത്തിന് ഡിമാന്റുയരുന്നതാണ് വില വർദ്ധനവിന് കാരണം. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഏകദേശം തൊള്ളായിരം രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 29000 ഭേദിച്ച് പതിയെ താഴുകയായിരുന്ന സ്വർണവില വീണ്ടും മടങ്ങിവരവിന്റെ സൂചനയാണ് കാണിക്കുന്നത്.