ലക്‌നൗ: ട്രാഫിക് നിയമലംഘനങ്ങളാണ് രാജ്യത്ത് നടക്കുന്ന മുക്കാൽ ഭാഗം അപകടങ്ങളുടെയും പ്രധാന കാരണം. ഇത് കുറയ്ക്കാനായി പിഴത്തുകവരെ വർദ്ധിപ്പിച്ചു. ഹെൽമറ്റ് വയ്ക്കാത്തതിനും മറ്റും വൻ തുക പിഴയടക്കേണ്ടി വരുന്നത് ജനങ്ങളിൽ രോഷം ഉണ്ടാക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുമ്പോൾ സാധാരണക്കാരിൽ നിന്ന് വൻ തുക ഈടാക്കുന്ന ഉദ്യോഗസ്ഥരും നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ജനങ്ങൾ പറയുന്നു. അത്തരത്തിൽ നിയമം ലംഘിച്ച ഒരു എസ്.ഐയെക്കൊണ്ട് പിഴയടപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.
ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തി വാഹന പരിശോധന നടത്തിയ എസ്.ഐ തടഞ്ഞുനിർത്തി, പിഴ അടപ്പിക്കുകയായിരുന്നു. ഹെൽമറ്റ് ഇല്ലാതെ എത്തിയ യുവാവിനെ പിടികൂടി 5000 രൂപ പിഴ ഈടാക്കിയതാണ് എസ്.ഐക്ക് കുരുക്കായത്. നാട്ടുകാരെത്തി പൊലീസ് ഓഫീസറെ തടഞ്ഞ് നിർത്തി, സ്വന്തം പേരിൽ പിഴ എഴുതിപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.