-shijina

ഉത്സവപ്പറമ്പുകളിൽ പാറിപ്പറക്കുന്ന ബലൂണുകൾ പ്രായഭേദമില്ലാതെ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. കുരങ്ങൻ ബലൂൺ, മത്തങ്ങ ബലൂൺ, നീളൻ ബലൂൺ, ഉണ്ട ബലൂൺ, ലൗ ബലൂൺ തുടങ്ങിയവ ഊതിവീർപ്പിച്ച് അവയ്ക്കൊപ്പം പാറി പറന്ന കുട്ടിക്കാലമുണ്ടാകും ഓരോരുത്തർക്കും. കടക്കാരോട് കയർത്ത് വിലപേശി ബലൂണുകൾ വാങ്ങിക്കും. തട്ടിക്കളിക്കുന്നതിനിടയിൽ മുള്ളിൽക്കൊണ്ട് കയ്യിലുള്ള ബലൂണെങ്ങാനും പൊട്ടിയാൽ പിന്നെ അടിയുടെ പൂരം. പൊട്ടിയ ബലൂൺ പിന്നീട് ഒരു ഗ്ലാസിൽ കുരുക്കി ഒരു കോലും കൊണ്ട് ചെണ്ടയാക്കിയാകും പിന്നീടുള്ള കളികൾ. അതൊക്കെ ഒരു കാലം. എന്നാൽ, കുട്ടിക്കാലത്തെ ബലൂൺ സ്നേഹം ഇപ്പോഴും കെെവിടാത്ത ഒരാളുണ്ട്. കണ്ണൂർ അഴീക്കോട് സ്വദേശിയായ ഷിജിനയാണ് ബലൂണുകളിൽ വിസ്മയങ്ങൾ തീർക്കുന്നത്.

shijina

ബലൂണുകൾ കൈയിൽ കിട്ടിയാൽ പൂക്കൾ, മൃഗങ്ങൾ, കലാരൂപങ്ങൾ തുടങ്ങിയവ നിർമിക്കുകയാണ് ഷിജിന. വിദേശരാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ബലൂൺ ആർട്ട് ഷോ കേരളത്തിന് പരിചയപ്പെടുത്തിയ കേരളത്തിലെ ഏക ബലൂൺ ആർട്ട് ഡിസൈനർ കൂടിയാണ് ഷിജിന. വിവിധ നിറങ്ങളിലും വലുപ്പത്തിലും രൂപങ്ങളിലുമുള്ള ബലൂണുകളുടെ ഷേപ്പ് നിമിഷനേരം കൊണ്ട് മാറ്റിക്കളയും ഷിജിന. ഇപ്പോൾ വനം വകുപ്പ് ആസ്ഥാനത്ത് ബലൂണുകൾ ഉപയോഗിച്ച് "ബലൂൺ ഫോറസ്റ്റ്"ഉണ്ടാക്കിയിരിക്കുകയാണ് ഇവർ.

ചെടികൾ, മരങ്ങൾ, മൃഗങ്ങൾ,പക്ഷികൾ,പൂക്കൾ ഇവയൊക്കെ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ബലൂൺ വനം. ബലൂൺ വ്യത്യസ്ത രീതിയിലായി മടക്കി പ്രത്യേക ആകൃതിയിലാക്കിയാണ് ഇവ നിർമിച്ചത്. കളിമണ്ണുകൊണ്ട് കളിപ്പാട്ടങ്ങൾ നിർമിക്കുന്നപോലെ ബലൂൺ ഉപയോഗിച്ച് ഇത്തരം വസ്തുക്കൾ നിർമിക്കുന്നതിനെയാണ് ബലൂൺ ആർട്ട് എന്ന് പറയുന്നതെന്നും ഷിജിന പറയുന്നു.