ഇസ്ളാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാനെ കരകയറ്റാനായി കൂടുതൽ കടം വാങ്ങി പാകിസ്ഥാനെ കടക്കെണിയിലാക്കുകയാണ് ഇമ്രാൻ ഖാനെന്ന് റിപ്പോർട്ട്. അധികാരത്തിലേറി ഒരു വർഷം തികയുമ്പോൾ കടം വാങ്ങലിൽ പാകിസ്ഥാന്റെ മുൻ കണക്കുകളെല്ലാം തെറ്റിച്ചിരിക്കുകയാണ് ഇപ്പോഴത്തെ സർക്കാർ. രാജ്യത്തിന്റെ പൊതുകടത്തിൽ ഉദ്ദേശം ഏഴായിരത്തി അഞ്ഞൂറ് ബില്യൺ രൂപയുടെ (പാക് കറൻസി) വർദ്ധനവാണുണ്ടായിരിക്കുന്നത്. കടംവാങ്ങിയതിൽ 4750 ബില്യൺ ആഭ്യന്തരമായും 2804 ബില്യൺ വിദേശ സ്രോതസുകളിൽ നിന്നുമാണ് കടം വാങ്ങിയത്. കഴിഞ്ഞ ആഗസ്റ്റിൽ 24,732 ബില്യണായിരുന്നു പൊതുകടം ഇത് ഇപ്പോൾ വർദ്ധിച്ച് 32,240 ബില്യണായി മാറിയിരിക്കുകയാണ്.
നവാസ് ഷെരീഫിന്റെ ദുർഭരണത്തിനും അഴിമതിക്കുമെതിരെ പടപൊരുതിയാണ് ഇമ്രാൻ ഖാൻ പാകിസ്താനികളുടെ ഇഷ്ടം നേടിയെടുത്തത്. പാക് സൈന്യത്തിന്റെ കൂടി പിന്തുണ ആർജ്ജിക്കാനായതോടെ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപീകരിക്കുവാനുമായിരുന്നു. എന്നാൽ അധികാരത്തിലേറി ഒരു വർഷം കഴിഞ്ഞിട്ടും മുഖ്യവാഗ്ദാനങ്ങൾ പാലിക്കാനാവാതെ നട്ടം തിരിയുകയാണ് പാക് സർക്കാർ. അതേസമയം നിലവിലെ സർക്കാരുമായി പാക് സൈനിക നേതൃത്വവും ഇടയുന്നതായിട്ടാണ് റിപ്പോർട്ടുകൾ. വീണ്ടും ഒരു സൈനിക അട്ടിമറിയിലേക്ക് രാജ്യം നീങ്ങുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആഭ്യന്തര പ്രശ്നങ്ങൾ കാശ്മീർ വിഷയം ഉയർത്തി മറയ്ക്കാനാണ് ഇമ്രാൻ ഖാൻ അടുത്തിടെ ശ്രമിക്കുന്നത്. എന്നാൽ നയതന്ത്രമേഖലയിലും ലോകരാജ്യങ്ങൾക്കിടയിൽ പാകിസ്ഥാന് തിരിച്ചടികൾ മാത്രമാണ് ലഭിക്കുന്നത്.