മുംബയ്:പതിന്നാല് വർഷം മുൻപ് ആരംഭിച്ച ഇംഗ്ലീഷ് ദിനപത്രം ഡി. എൻ. എ (ഡെയ്ലി ന്യൂസ് ആൻഡ് അനാലിസിസ് ) ഇന്ന് പ്രസിദ്ധീകരണം നിറുത്തും. ഇനി മുതൽ ഡി. എൻ. എക്ക് ഡിജിറ്റൽ എഡിഷൻ മാത്രമായിരിക്കും.
മാതൃസ്ഥാപനമായ സീ എന്റർടെയിൻമെന്റ് എന്റർപ്രൈസസിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രിന്റ് എഡിഷൻ പൂട്ടാൻ കാരണം.
പത്രത്തിന്റെ ഡൽഹി ഉൾപ്പെടെയുള്ള എഡിഷനുകൾ നേരത്തേ നിറുത്തിയിരുന്നു. മുംബയ്, അഹമ്മദാബാദ് എഡിഷനുകളാണ് ഇന്ന് അവസാനമായി പ്രസിദ്ധീകരിച്ചത്. 2.60ലക്ഷം കോപ്പിയായിരുന്നു അവസാനത്തെ സർക്കുലേഷൻ.
വായനക്കാർ കൂടുതലും ഡിജിറ്റൽ പതിപ്പിന് മുൻഗണന നൽകുന്നതു കൂടി കണക്കിലെടുത്താണ് പ്രിന്റ് എഡിഷൻ നിറുത്തുന്നതെന്ന് ചെറുപ്പക്കാർ മൊബൈൽ ഫോണിൽ പത്രം വായിക്കാനാണ് ഇഷ്‌ടപ്പെടുന്നതെന്നും സീ ഗ്രൂപ്പ് ഇന്നലത്തെ പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു. ഡി. എൻ. എയുടെ വെബ് പോർട്ടൽ അതേ പടി തുടരും. വായനക്കാർക്ക് വീഡിയോ ഉൾപ്പെടെയുള്ള വാർത്തകളും മറ്റും എത്തിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു. പത്രത്തിന്റെ ദീർഘകാല വരിക്കാർക്ക് പണം തിരികെ നൽകും.
2005 ജൂലായിൽ മുംബയിൽ നിന്നാണ് ഡി. എൻ. എ പ്രസിദ്ധീകരണം തുടങ്ങിയത്. 'സ്പീക്ക് അപ്പ്, ഇറ്റ്സ് ഇൻ യുവർ ഡി. എൻ. എ' എന്ന ആകർഷകമായ പരസ്യവാചകവുമായി തുടങ്ങിയ ഡി. എൻ. എ പൊടുന്നനെ വായനക്കാരുടെ ഇഷ്‌ട ത്രമായിരുന്നു.
ഇക്കൊല്ലം പൂട്ടുന്ന മൂന്നാമത്തെ പത്രമാണ് ഡി. എൻ. എ. ഡെക്കാൺ ക്രോണിക്കിൾ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ക്രോണിക്കിൾ ആണ് ആദ്യം പൂട്ടിയത്. റിലയൻസ് ഉടമ മുകേഷ് അംബാനി ഇക്കൊല്ലം ജനുവരിയിൽ ഫസ്റ്റ് പോസ്റ്റ് എന്ന പത്രം തുടങ്ങിയെങ്കിലും ആറ് മാസത്തിന് ശേഷം പൂട്ടി.