ഏറ്റവും 'ടഫ്' ആയ വസ്തുക്കൾ കൊണ്ട് നിർമിച്ചവയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ആപ്പിൾ ഐഫോൺ 11ഉം, 11 പ്രോയും വിപണിയിലിറക്കുന്നത്. എന്നാൽ അഞ്ചാഴ്ചകൾക്കുള്ളിൽ തന്നെ ഈ ഫോണുകൾ വാങ്ങിയ ഉപഭോക്താക്കളുടെ പരാതികൾ കൊണ്ട് ആപ്പിൾ കമ്മ്യൂണിറ്റി സപ്പോർട്ട് സെന്ററുകൾ ബുദ്ധിമുട്ടിലായി. തങ്ങളുടെ പുതിയ ഫോണുകളിൽ പോറലുകൾ വീഴുന്നുവെന്നും ഈട് നിൽക്കുന്നില്ലെന്നുമാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്ന പ്രധാന പരാതി. എതിരാളി ബ്രാൻഡുകളേക്കാൾ കട്ടിയുള്ള ഗ്ലാസാണ് തങ്ങൾ ഉപയോഗിക്കുന്നതെന്ന ആപ്പിളിന്റെ അവകാശവാദം വിശ്വസിച്ച ഇവർ ഏകദേശം ഒരു ലക്ഷത്തോളം രൂപ നൽകിയാണ് ഈ ഫോൺ വാങ്ങിയത്. ഒടുവിൽ പോറലുള്ള ഫോണുകൾ ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇവർ.
എന്നാൽ ഈ പരാതികൾക്ക് കാമ്പില്ലെന്നും വിവിധ ടെസ്റ്റുകൾ നടത്തിയ ശേഷമാണ് ഐഫോണുകൾ ആപ്പിൾ വിപണിയിലിറക്കുന്നതെന്നാണ് ഇതിനുള്ള എതിർവാദം. മാത്രമല്ല സ്‌പോൺസർഷിപ്പിലൂടെ പുത്തൻ ഐഫോണുകൾ സ്വന്തമാക്കി അത് ഏറ്റവും കടുത്ത ദൃഢതാ പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്ന പല യൂട്യൂബ് ചാനലുകളിലും ഈ ഐഫോണുകൾക്ക് കേടുപാടുകളൊന്നും സംഭവിക്കുന്നതായി കാണുന്നില്ളെന്നും ഇവർ പറയുന്നു. എന്നാൽ ഏതാനും യൂട്യൂബ് ചാനലുകളിൽ ഫോണുകൾക്ക് കേടുപാടുകൾ സംഭവിക്കാത്തതായി കാണപ്പെടുന്നുണ്ടെങ്കിലും മറ്റ് പല ചാനലുകളിലും ഫോണിൽ പോറലുകളും മറ്റ് കേടുപാടുകളും ഉണ്ടാകുന്നതായി കാണുന്നുണ്ട് എന്നതാണ് വസ്തുത. ചുരുക്കത്തിൽ, കൊടുക്കുന്ന കാശിന് നല്ല ഐഫോൺ 11 ലഭിക്കുക എന്നത് ഉപഭോക്താവിന്റെ ഭാഗ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.