jolly

കൂടത്തായിയിലെ ജോളി നടത്തിയ തുടർകൊലപാതകങ്ങളാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ജോളി തുടർച്ചയായി തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത് കാരണമാണ് അവർ ഒരു സീരിയൽ കില്ലറാണ് എന്ന നിഗമനത്തിലേക്ക് ചിലരെ ഇത് കൊണ്ടുചെന്നെത്തിച്ചിട്ടുള്ളത്. വർഷങ്ങളുടെ ഇടവേള ഇടയ്ക്ക് ഉണ്ടായിരുന്നെങ്കിലും മരണങ്ങൾ തുടരെ തുടരെ ഉണ്ടായതാണ് ഇങ്ങനെ ഒരു ചിന്തയിലേക്ക് ഇവരെ എത്തിച്ചത്. എന്നാൽ ഒന്നിനു പിറകെ ഒന്നായി ജോളി കൊലകൾ നടത്തിയിട്ടുണ്ടെങ്കിലും ജോളി ഒരിക്കലും ഒരു സീരിയൽ കില്ലറല്ല എന്ന് വ്യക്തമാക്കുകയാണ് ക്രിമിനോളജിസ്റ്റായ ജയിംസ് വടക്കാഞ്ചേരി.

അദ്ദേഹം പറയുന്നത് ഇങ്ങനെ:

'സീരിയൽ കില്ലർ എന്നുള്ള പ്രയോഗം ശരിയല്ല. സീരിയൽ കില്ലർ എന്നുള്ളതിന് ഒരു ഡെഫിനിഷൻ ഉണ്ട്. അതായത് അവർക്ക് കൊല്ലുക എന്നത് ഒരു ഹരമായത് കൊണ്ട് വേറെ ഉദ്ദേശമൊന്നുമില്ല. റിപ്പർ ചന്ദ്രൻ, രമൺ രാഘവ്, എന്നിവരുടെ ഒക്കെ കാര്യം എടുത്ത് കഴിഞ്ഞാൽ, വഴിയിൽ കിടന്നു ഉറങ്ങുന്നവരെയും മറ്റുമാണ് അവർ കൊല്ലുന്നത്. ജോളിയുടെ കാര്യത്തിലാണെങ്കിൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകളെ തിരഞ്ഞ് പിടിച്ച് കൊല്ലുകയാണ് ചെയ്യുന്നത്. അനുയോജ്യമായ സാഹചര്യത്തിൽ കൊടുക്കേണ്ട വിധത്തിൽ വളരെ ഇന്റലിജന്റായാണ് അവരീ കൊലകൾ ചെയ്തത്. ഇതൊരിക്കലും ഒരു സീരിയൽ കില്ലറുടേത് പോലെ മനോരോഗത്തിന്റെ കാര്യമല്ല. ഇത് അതിബുദ്ധിയുടെ കാര്യമാണ്. വഴിയിൽ കിടക്കുന്നവരെയും, ട്രെയിനിൽ യാത്ര ചെയ്യുന്നവരെയുമൊന്നുമല്ല ജോളി കൊല്ലുന്നത്. വളരെ കാൽക്കുലേറ്റഡ് ആയി, ഒരു ക്യാരംസ് ഗെയിം കളിക്കുന്നതുപോലെയാണ് അവർ ഈ കൊലകൾ നടത്തിയത്. അതുകൊണ്ട് അവരെ 'സീരിയൽ കില്ലർ' എന്ന് വിളിക്കുമ്പോൾ അങ്ങനെയൊരു മനോരോഗത്തിന്റെ ആനുകൂല്യം നൽകുകയാണ് നമ്മൾ. ജോളിക്ക് ഒരു സൈക്കോപാത്തിന്റെ ലക്ഷണമാണുള്ളത്. കുറ്റം ചെയ്തതിന്റെ കുറ്റബോധം അവർക്ക് ഇല്ലാത്തതുകൊണ്ടാണിത്.'

വീഡിയോ കാണാം: