തിരുവനന്തപുരം:സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരളബാങ്ക് കേരളപ്പിറവി ദിനത്തിൽ പ്രവർത്തനം ആരംഭിക്കും. കേരളബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. കേരളബാങ്ക് സംബന്ധിച്ച നിയമഭേദഗതി ആർ.ബി.ഐ അംഗീകരിച്ചതിനെതുടർന്നാണ് കേരള ബാങ്ക് രൂപീകരണത്തിന് വഴിയൊരുങ്ങിയത്.
സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളേയും സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ച് കേരള ബാഹ്ക് രൂപീകരിക്കാനായിരുന്നു സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇതിനുള്ള പ്രാഥമികമായ അപേക്ഷ തത്വത്തിൽ അംഗീകരിച്ച റിസർവ് ബാങ്ക് കേരള ബാങ്ക് രൂപീകരണത്തിന് 19 നിബന്ധകൾ മുന്നോട്ട് വച്ചിരുന്നു. എല്ലാ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളും പൊതുയോഗം വിളിച്ച് അതിൽ രണ്ടിൽ മൂന്ന് ഭൂരിപക്ഷത്തോടെ ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കണമെന്ന നിബന്ധന ഇതിലുണ്ടായിരുന്നു.
എന്നാൽ ആർ.ബി.ഐ നിർദേശപ്രകാരം സംസ്ഥാനത്തെ 13 ജില്ലകളിലെ സഹകരണബാങ്കുകളും പൊതുയോഗം വിളിച്ച് ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കിയെങ്കിലും യു.ഡി.എഫ് ഭരിക്കുന്ന മലപ്പുറം സഹകരണബാങ്ക് ഭരണസമിതി കേരള ബാങ്കിന് എതിരായി പ്രമേയം പാസാക്കി. ഇതേ തുടർന്ന് പൊതുഭരണസമിതി യോഗത്തിൽ മൃഗീയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം മാത്രം നേടിയാൽ മതിയെന്നുമുള്ള ഭേദഗതിയോടെ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കി.
ഈ നിയമഭേദഗതി സർക്കാർ ആർ.ബി.ഐക്ക് അയച്ചു കൊടുത്തിരുന്നു. ഈ പരിഷ്കാരം ആർ.ബി.ഐ അംഗീകരിച്ചതോടെയാണ് കേരളബാങ്ക് രൂപീകരണം സാദ്ധ്യമായത്.