തിരുവനന്തപുരം: ബാഡ്മിന്റണിലെ ലോകചാമ്പ്യൻ പി.വി. സിന്ധുവിന് കേരളം പ്രൗഢഗംഭീരമായി ആദരം നൽകി. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി നടത്തിയ സ്വീകരണ പരിപാടിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്രേഡിയമാണ് വേദിയായത്. ഇന്നലെ ഉച്ചയ്ക്ക് 2ന് സെൻട്രൽ സ്റ്രേഡിയത്തിൽ നിന്നും തുറന്ന ജീപ്പിൽ സൈക്ലിംഗ്, റോളർ സ്കേറ്രിംഗ് താരങ്ങളുടെയും അശ്വാരൂഢ സേനയുടെയും കായിക താരങ്ങളുടെയും അകമ്പടിയോടെയാണ് സിന്ധുവിനെ സമ്മേളനവേദിയായ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. റോഡ് ഷോ കടന്നുപോയ വഴിയുടെ അരികിൽ തിങ്ങിക്കൂടിയവർ ആർപ്പുവിളോടെ ഹർഷാരവം മുഴക്കിയാണ് സിന്ധുവിനെ വരവേറ്രത്.
തന്നെകാത്തു നിന്നവർക്ക് നേരെ നിറഞ്ഞ ചിരിയോടെ കൈവീശി അഭിവാദ്യം ചെയ്ത സിന്ധുവിന് ബൊക്കെ നൽകിയും ഷാൾ അണിയിച്ചും റോസാപൂക്കൾ നൽകിയും ആരാധകർ തങ്ങളുടെ സ്നേഹം അറിയിച്ചു.കോർപറേഷന് മുന്നിൽ മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും നഗരസഭ ജീവനക്കാരും സ്വീകരണം നൽകി. മാണി സി. കാപ്പൻ എം.എൽ.എയും സിന്ധുവിന് സമ്മാനം നൽകി. കേരളീയ വേഷംധരിച്ച് മുത്തുക്കുടയേന്തിയ പെൺകുട്ടികൾ ഇരുവശവും നിന്നാണ് സിന്ധുവിനെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധുവിന് ഉപഹാരം നൽകി.