ചെന്നൈ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ എൽ.ഐ.സിയുടെ സമ്പദ്‌സ്ഥിതി മോശമായെന്ന് കാട്ടി പ്രചരിക്കുന്നത് തെറ്റായതും അപകീർത്തികരവുമായ സന്ദേശങ്ങളാണെന്ന് കമ്പനി വ്യക്തമാക്കി. പോളിസി ഉടമകൾക്കിടയിൽ ആശങ്ക സൃഷ്‌ടിക്കാനാണ് വ്യാജ സന്ദേശങ്ങളിലൂടെ ചിലർ ശ്രമിക്കുന്നത്.
ഏറ്രവും വലിയ ലൈഫ് ഇൻഷ്വറർ സ്ഥാപനമായ എൽ.ഐ.സിയുടെ സാമ്പത്തികസ്ഥിതി സുസ്ഥിരവും ശക്തവുമാണ്. 2018-19 സാമ്പത്തിക വർഷം 50,000 കോടി രൂപയുടെ സർവകാല റെക്കാഡ് ബോണസാണ് എൽ.ഐ.സി പ്രഖ്യാപിച്ചത്. 2019 ആഗസ്‌റ്റ് 31 വരെയുള്ള കണക്കുപ്രകാരം പോളിസികളുടെ എണ്ണത്തിൽ എൽ.ഐ.സിക്ക് 72.84 ശതമാനം വിപണി വിഹിതമുണ്ട്. പുതിയ പോളിസികളിൽ എൽ.ഐ.സിയുടെ വിപണി വിഹിതം 66.24 ശതമാനത്തിൽ നിന്ന് 73.06 ശതമാനമായി വർദ്ധിക്കുകയും ചെയ്‌തു.
യാഥാർത്ഥ്യം ഇതായിരിക്കേ, എൽ.ഐ.സിയുടെ പ്രതിച്‌ഛായ മോശമാക്കാനുള്ള ശ്രമങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചിലർ നടത്തുന്നതെന്നും വാർത്താക്കുറിപ്പിലൂടെ കമ്പനി പ്രതികരിച്ചു.