കെമിസ്‌ട്രി നോബൽ സമ്മാനം മൂന്ന് ശാസ്‌ത്രജ്ഞർക്ക്
സ്റ്റോക്ക്‌ഹോം: മൊബൈൽ ഫോൺ, ലാപ് ടോപ് തുടങ്ങി ഇലക്ട്രിക് വാഹനങ്ങളുടെ വരെ 'വൈദ്യുത ഹൃദയം' എന്ന് വിശേഷിപ്പിക്കുന്ന ലിഥിയം - അയൺ ബാറ്ററി വികസിപ്പിച്ച മൂന്നു ശാസ്ത്രജ്ഞർ ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടി. അമേരിക്കൻ ശാസ്ത്രജ്ഞരായ ജോൺ ബി. ഗുഡ്ഇനഫ്, എം. സ്റ്റാൻലി വിറ്റിങ്ഹാം, ജാപ്പനീസ് ശാസ്ത്രജ്ഞൻ അകിര യോഷിനോ എന്നിവർക്കാണ് പുരസ്‌കാരം.
ഊർജ്ജ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയ ലിഥിയം അയൺ ബാറ്ററി ലോകത്തെ പുതിയദിശയിലേക്ക് നയിച്ചെന്ന് നൊബേൽ പുരസ്‌കാര സമിതി വിലയിരുത്തി.
'റീചാർജ് ചെയ്യാവുന്ന ഒരു ലോകത്തിനാണ് ഇത്തവണത്തെ പുരസ്കാരം.
നമ്മുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റമാണ് ലിഥിയം – അയൺ ബാറ്ററികൾ കൊണ്ടുവന്നത്. വിവര - സാങ്കേതിക, മൊബൈൽ സാങ്കേതിക വിദ്യയുടെ വ്യാപനത്തിൽ ലിഥിയം അയൺ ബാറ്ററികൾ നിർണായക പങ്കാണ് വഹിച്ചത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കേണ്ടാത്ത, ഒരു വയർലസ് സമൂഹത്തെ സൃഷ്ടിക്കുന്നതിനു തറക്കല്ലിടുകയാണ് നൊബേൽ ജേതാക്കൾ ചെയ്തത്. '- റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് വ്യക്തമാക്കി.
സമ്മാനത്തുകയായ 9.18ലക്ഷം ഡോളർ മൂവരും പങ്കിടും.
സാഹിത്യത്തിനുള്ള രണ്ട് വർഷത്തെ നൊബേൽ സമ്മാനങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
സ്റ്റാൻലി വിറ്റിങ് ഹാം
1941ൽ യു.കെയിൽ ജനിച്ചു. നിലവിൽ ബിങ്ഹാംടൺ സർവകലാശാലയിൽ അദ്ധ്യാപകൻ. 1970കളിൽ എണ്ണയ്ക്ക് ദൗർലഭ്യം വന്നപ്പോൾ വിറ്റിങ്ങാം നടത്തിയ ഗവേഷണത്തിലാണ് ആദ്യമായി ലിഥിയം ബാറ്ററി വികസിപ്പിച്ചത്.
ജോൺ ബി. ഗുഡ്ഇനഫ്
1922ൽ ജർമ്മനിയിൽ ജനിച്ചു. ടെക്സാസ് സർവകലാശാലയിൽ അദ്ധ്യാപകൻ. ലിഥിയം ബാറ്ററിയുടെ ശേഷി ഇരട്ടിയാക്കി.
അകിറ യോഷിനോ
1948ൽ ജപ്പാനിൽ ജനിച്ചു. ജപ്പാനിലെ മെയ്‌ജോ സർവകാശാലയിൽ അദ്ധ്യാപകൻ. ലിഥിയം ബാറ്ററിയുടെ പ്രായോഗിക പ്രവർത്തനം മെച്ചപ്പെടുത്തി. ബാറ്രറിയിൽ നിന്ന് ശുദ്ധ ലിഥിയം ഒഴിവാക്കി. പകരം കൂടുതൽ സുരക്ഷിതമായ ലിഥിയം അയോണുകൾ ഉപയോഗിക്കുന്ന സങ്കേതം കണ്ടെത്തി. അതോടെ ദീർഘകാലം ഈടു നിൽക്കുന്നതും ഭാരം കുറഞ്ഞതും റീചാർജ് ചെയ്യാവുന്നതുമായ ബാറ്ററി വികസിപ്പിച്ചു.
1991 ലിഥിയം അയൺ ബാറ്ററി വിപണിയിൽ എത്തി
പെട്രോളും ഡീസലും വേണ്ടാത്ത ഒരു കാലത്തിന് തുടക്കം
മലിനീകരണം ഇല്ലാത്ത ഊർജ്ജം
സൗരോർജ്ജവും കാറ്റിൽ നിന്നുള്ള ഊർജ്ജവും സംഭരിക്കാം
നൂറുകണക്കിന് തവണ റീചാർജ് ചെയ്യാം
സാധാരണ ബാറ്ററിയിൽ രാസപ്രവർത്തനമാണ് വൈദ്യുതി ഉണ്ടാക്കുന്നത്.
ലിഥിയം അയോണുകൾ പോസിറ്റീവ് ഇലക്ട്രോഡിൽ നിന്ന് നെഗറ്റീവ് ഇലക്‌ട്രോഡിലേക്ക് പ്രവഹിക്കുമ്പോൾ ചാർജാവും.
അയോണുകൾ തിരിച്ച് പ്രവഹിക്കുമ്പോൾ ഡിസ്ചാർജ്.
രാസമാറ്റങ്ങൾക്ക് വിധേയമാകില്ല.
മിലിട്ടറി, ഏയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകൾ
വിരളമായെങ്കിലും അപകട സാദ്ധ്യത
ബാറ്ററി കത്തിയതിനാൽ സാംസങ് ഗാലക്‌സി നോട്ട് 7 തിരിച്ചു വിളിച്ചിരുന്നു
ബോയിംഗ് 787 വിമാനങ്ങളിൽ ലിഥിയം ബാറ്ററി കത്തിയിട്ടുണ്ട്