തിരുവനന്തപുരം: ശബരിമല വിമാനത്താവള നിർമ്മാണത്തിന് ചെറുവള്ളി എസ്‌റ്റേറ്റ് തന്നെ ഏറ്റെടുക്കുമെന്ന് സർക്കാർ. തർക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാർഗങ്ങൾ തേടാനും തീരുമാനമായി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. 2500 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇപ്പോൾ തർക്കം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഭൂമിയുടെ വിലനിർണയം നടത്തി ആ തുക കോടതിയിൽ കെട്ടിവച്ച ശേഷം ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഉടമസ്ഥാവകാശം ഇപ്പോൾ ആരോപിക്കുന്ന വ്യക്തികൾക്ക് കോടതി വിധി അനുകൂലമാണെങ്കിൽ അവർക്ക് ആ പണം നൽകും. ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനം ആയിരിക്കുന്നത്.
റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.