കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിയുമായി ഫോണിൽ സംസാരിച്ചത് സൗഹൃദത്താലെന്ന് ജോൺസന്റെ മൊഴി. ജോളി ഏറ്റവും കൂടുതൽ തവണ ഫോണിൽ വിളിച്ചവരിൽ ഒരാൾ ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസണെയായിരുന്നു. ജോളിയെ നിരവധി തവണ സഹായിച്ചിട്ടുണ്ടെന്നും കൊലപാതത്തിൽ തനിക്ക് പങ്കില്ലെന്നും ജോൺസണ്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ജോളിയുമായി സിനിമയ്ക്ക് പോകുകയും കുടുംബവുമായി വിനോദയാത്ര നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്നുമാണ് ജോൺസണ്‍ പറയുന്നത്. ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് വ്യാജകത്ത് നൽകി കോടഞ്ചേരി സെന്റ് മേരീസ് പള്ളിയെ കബളിപ്പിച്ചെന്നും ജോൺസണ്‍ അന്വേഷണസംഘത്തിന് മുമ്പാകെ സമ്മതിച്ചു. വ്യാജ വിൽപത്രം ഉണ്ടാക്കിയ സംഭവത്തിൽ ജോളിയുടെ സുഹൃത്തായ തഹസിൽദാർ ജയശ്രീയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ പങ്ക് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
കൂടത്തായി കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിനായി ആറ് സംഘത്തെ നിയോഗിക്കാനാണ് പൊലീസിന്റെ തീരുമാനം. കൊലപാതക പരമ്പരയിലെ ഓരോ കേസും ഓരോ സംഘം അന്വേഷിക്കും. അന്വേഷണസംഘം വിപുലീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാകും സംഘത്തിൽ ഉൾപ്പെടുത്തുക. ആറുസംഘത്തിന്റെയും മേല്‍നോട്ട ചുമതല എസ്.പി കെ.ജി സൈമണിന് ആയിരിക്കും.