കോഴിക്കോട്: ജോളിയുടെ ഫോൺ കോളുകളിൽ ആദ്യമേ സംശയമുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ ചതി പ്രതീക്ഷിച്ചില്ലെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. . ജോളിയുടെ ഭർത്താവ് റോയിയും തന്റെ ഭാര്യ സിലിയും മരിച്ചതിനാൽ തന്റെ മകന്റെയും ജോളിയുടെ രണ്ട് മക്കളുടെയും ഭാവി കൂടി ഓർത്താണ് ജോളിയെ കല്യാണം കഴിച്ചതെന്നും എന്നാൽ അത് പാടെ തെറ്റിയെന്ന് ആദ്യവർഷം തന്നെ മനസിലായെന്നും ഷാജു പറഞ്ഞു.
തന്റെ മകൻ ആദ്യവർഷം തങ്ങളുടെ കൂടെ കൂടത്തായിയിലായിരുന്നു താമസം. എന്നാൽ ജോളിയുമായി പൊരുത്തപ്പെട്ട് പോവാനാവാതെ കോടഞ്ചേരിയിലെ തന്റെ വീട്ടിലേക്ക് താമസം മാറി. അതിനു ശേഷം താനും കൂടത്തായിയിലേക്ക് ആഴ്ചയിലൊരിക്കലാണ് പോയിരുന്നത്.ജോളിയുടെ ഫോൺ കോളുകളിൽ സംശയം തോന്നി നേരിട്ട് ചോദിച്ചപ്പോൾ തുറന്ന് പറയാൻ തയ്യാറായിരുന്നില്ല. ദാമ്പത്യം സുഖകരമായിരുന്നില്ല. സംശയങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാനോ ചോദിക്കാനോ മിനക്കെട്ടില്ല.ജോളി മുൻകൈ എടുത്ത് സിജോയുടെ പിന്തുണയോടെയാണ് വിവാഹം നടന്നത്. സിജോയുടെ അമ്മയും മറ്റ് ചിലരും എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ സിജോ അവരുടെ ഇടയിൽ ഒറ്റപ്പെട്ടു പോവുമെന്ന് കരുതി 'കല്യാണം നടക്കട്ടെ, പങ്കെടുക്കുന്നില്ലെന്ന് സിജോ അറിയിച്ചു. തന്റെ ഭാര്യ സിലിക്കും മകൾക്കും നേരത്തേ അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ അവരുടെ മരണത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്നും ഷാജു പറഞ്ഞു.