കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലുണ്ടായ മറ്റ് രണ്ട് മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുണ്ടോയെന്ന സംശയവുമായി ബന്ധുക്കൾ. ജോളിയുടെ ആദ്യ ഭർതൃപിതാവായിരുന്ന മരണപ്പെട്ട ടോം തോമസിന്റെ സഹോദരന്മാരുടെ മക്കളായ കോടഞ്ചേരി നെല്ലിപൊയിലിലെ സുനീഷ്, വിൻസെന്റ് എന്നിവരാണ് മരിച്ചത്..ജോളിയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു ഇരുവരും. ഇതിൽ,ആത്മഹത്യ ചെയ്ത വിൻസെന്റിന്റെ ഡയറിക്കുറിപ്പിൽ ,തന്നെ കുടുക്കിയതാണെന്ന പരാമർശവുമുണ്ട്.
. 2002 ൽ വിൻസെന്റിനെ തൂങ്ങിമരിച്ച നിലയിൽ കാണുകയും 2008ൽ ബൈക്കപകടത്തിൽ സുനീഷ് കൊല്ലപ്പെടുകയുമായിരുന്നു. ചാനലുകളിലും പത്രവാർത്തകളിലുമായി ജോളിയുടെ ചതികളെക്കുറിച്ച് അറിഞ്ഞ സുനീഷിന്റെ അമ്മ എൽസമ്മയാണ് സംശയം ഉന്നയിച്ച് രംഗത്തെത്തിയത്.
'എന്റെ ജീവിതം വളരെ കഷ്ടത്തിലായി. ആരും ഇങ്ങനെ ജീവിക്കരുത്' എന്ന് ഇലക്ട്രിക് ജോലി ചെയ്തിരുന്ന സുനീഷ് ഡയറിയിൽ എഴുതിയ കുറിപ്പ് ,മരണപ്പെട്ട് ഒരു മാസത്തിനു ശേഷമാണ് വീട്ടുകാർ കണ്ടത്..കൂടത്തായിയിൽ 2002 ആഗസ്ത് 22ന് അന്നമ്മയുടെ മരണം നടന്ന് രണ്ട് ദിവസത്തിന് ശേഷം ശവസംസ്കാര ചടങ്ങിന്റെ അന്നാണ് വിൻസെന്റിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്കിട്ട് കട്ടിലിൽ മുട്ടുകുത്തിയ നിലയിലായിരുന്നു മൃതദേഹം.
2008 ജനുവരി 15ന് പുലിക്കയത്തിനടുത്തുള്ള കുരങ്ങൻപാറയിൽ വച്ചുണ്ടായ ബൈക്കപകടത്തിലാണ് സുനീഷ് മരിച്ചത്. വീട്ടുകാരോട് ആദ്യം പറഞ്ഞത് രാമനാട്ടുകരയിലാണ് അപകടം ഉണ്ടായതെന്നാണ്. രാത്രി ഒമ്പത് മണിക്കുണ്ടായ അപകടത്തെക്കുറിച്ച് വീട്ടുകാർ അറിയുന്നത് ഒന്നര മണിയായപ്പോഴാണ്. കൂട്ടുകാരാണ് സുനീഷിനെ ആശുപത്രിയിലാക്കിയത്. ഇവരെക്കുറിച്ച് കൂടുതൽ വിവരമൊന്നുമില്ല. അപകടസമയത്ത് തന്നെ ബോധം നഷ്ടപ്പെട്ട സുനീഷ് രണ്ടു ദിവസത്തിനു ശേഷം മരണപ്പെട്ടു. തലയ്ക്ക് പിന്നിലേറ്റ ആഘാതമാണ് മരണകാരണം. അന്ന് ഇതിൽ പന്തികേടൊന്നും തോന്നിയിരുന്നില്ല. എഫ്.ഐ.ആറിൽ മൊഴി നൽകിയത് ടോം തോമസാണ്. ഏഴ് മാസങ്ങൾ കഴിഞ്ഞപ്പോൾ ടോം തോമസ് കൊല്ലപ്പെട്ടു. ഇതെല്ലാം സംശയങ്ങൾ ബലപ്പെടുത്തുന്നു.