കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ഉപയോഗിച്ചിരുന്ന മൂന്നുഫോണുകളെ ക്കുറിച്ച് വിവരമില്ല. ജോളി മൂന്നു മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്ന് ഭർത്താവ് ഷാജു പറഞ്ഞിരുന്നു. ഈ ഫോണുകൾ ഇപ്പോൾ കാണാനില്ലെന്നും എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും ഷാജു വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ആ ഫോണുകളിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഷാജു വ്യക്തമാക്കി.
അറസ്റ്റ് ചെയ്യുന്നതിനു തൊട്ട് മുമ്പുവരെ ജോളി ഫോണുകൾ ഉപയോഗിച്ചിരുന്നു. അറസ്റ്റ് ചെയ്യുന്ന ദിവസം രാവിലെ ജോളി എന്നെ വിളിച്ചു. അടുത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കൈയിൽ ഫോൺ ഉണ്ടാകാമെന്നും ഷാജു പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുമായി ജോളിക്ക് നല്ല ബന്ധമുണ്ടെന്നും ഷാജു പറഞ്ഞു.
“ജോളി ആദ്യം ഉപയോഗിച്ച ഒരു ചെറിയ ഫോൺ ഉണ്ട്. പിന്നെ ഇളയമകന്റെ ഒരു ഫോൺ. ഇതുകൂടാതെ അടുത്തിടെ വാങ്ങിയ പുതിയ ഫോണുമുണ്ട്. ഫോണിലെ വിവരങ്ങളൊന്നും ഞാൻ നോക്കാറില്ല. സംശയകരമായ ഒന്നും ഫോണിൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.” ഷാജു പറഞ്ഞു.
ജോളിയുടെ ഫോണുകൾ കണ്ടെത്താൻ അന്വേഷണസംഘം കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയിരുന്നു. ജോളിയുടെയും ഷാജുവിന്റെയും വീട്ടിൽ ഫോണിനായി അന്വേഷണം നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചില്ല. ഫോൺ കണ്ടെത്തിയാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കാൻ സാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ജോളിയുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ജോളിയുടെ ഫോണിലേക്ക് വിളിച്ചവരും ജോളിയുമായി അടുത്ത ബന്ധമുള്ളവരുമാണ് പൊലീസിന്റെ ലിസ്റ്റിലുള്ളത്.