കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ അന്വേഷണം ഇടുക്കിയിലേക്കും നീളുന്നു. ജോളിയുടെ സഹോദരി ഭർത്താവ് ജോണിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് ജോണി കൂടരഞ്ഞിയിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. നുണ പരിശോധനയ്ക്ക് തയ്യാറാണോയെന്ന് അന്വേഷണ സംഘം ചോദിച്ചപ്പോൾ ജോളി ആദ്യം സമ്മതം മൂളി. എന്നാൽ പിതാവിനോട് കൂടി ഒന്ന് ആലോചിക്കട്ടെയെന്ന് പറഞ്ഞ് ഫോൺ വിളിച്ചത് ജോണിയെ ആയിരുന്നു. തുടർന്നാണ് വിസമ്മതം അറിയിച്ചത്.
ഇതോടൊപ്പം ജോളിയുടെ ആദ്യഭർത്താവിന്റെ സഹോദരി രഞ്ജിയുടെ മൊഴിയും പൊലീസ് മുഖവിലയ്ക്കെടുക്കുന്നുണ്ട്. ജോളിയുടെ അച്ഛനും അമ്മയും തന്റെ മാതാപിതാക്കളെപ്പോലെ ബഹുമാനം അർഹിക്കുന്നവരാണ്. അവരുടെ കുടുംബത്തിലെ ഒരാളോട് ടോം തോമസ് വീട്ടിൽ കയറാൻ പാടില്ലെന്ന് പറഞ്ഞിരുന്നുവെന്നാണ് രഞ്ജിയുടെ മൊഴി. എന്നാൽ ആരോപണങ്ങൾ ജോൺ നിഷേധിക്കുന്നുണ്ട്. ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് യാദൃച്ഛികമായി അവിടെ എത്തിയതാണ്. എന്തിനാണ് ജോളി തന്നെ വിളിച്ചതെന്ന് മനസിലാവുന്നില്ലെന്നും ജോണി പറഞ്ഞു. പിഎച്ച്.ഡി ആവശ്യത്തിനെന്ന് പറഞ്ഞ്, ജോളിയുടെ ഇടയ്ക്കിടെയുള്ള കോയമ്പത്തൂർ യാത്രയും അന്വേഷിക്കുന്നുണ്ട്.
ജോളിയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 11 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം താമരശേരി ജുഡിഷ്യൽ ഫസ്റ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും. ജോളിക്ക് സയനൈഡ് എത്തിച്ച എം.എസ്. മാത്യുവിന്റെ ജാമ്യഹർജിയും ഇന്ന് പരിഗണിക്കും.
ജോളിക്ക് എൻ.ഐ.ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് രജിസ്ട്രാർ ലെഫ്. കേണൽ കെ. പങ്കജാക്ഷൻ പറഞ്ഞു. അവർ കാമ്പസിൽ വരുന്നതായി കണ്ടിട്ടില്ല. കാന്റീനിൽ എല്ലാവർക്കും പ്രവേശനമുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കും.
ജോളിയെ സഹായിച്ചില്ലെന്ന് ലീഗ് നേതാവ്
വ്യാജ ഒസ്യത്ത് ഉണ്ടാക്കാൻ ജോളിയെ സഹായിച്ചിട്ടില്ലെന്ന് ഓമശേരിയിലെ ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീൻ പറഞ്ഞു. ജോളിയുടെ സ്ഥലത്തിന്റെ നികുതി അടയ്ക്കാൻ വില്ലേജ് ഓഫീസിൽ പോയിരുന്നു. രണ്ടര വർഷം മുമ്പ് മകൻ ദുബായിൽ പോകുന്ന സമയത്ത് 50,000 രൂപ കടം വാങ്ങിയിരുന്നു. അല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകളില്ലെന്നും മൊയ്തീൻ പറഞ്ഞു
അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് റൂറൽ എസ്.പി കെ.ജി. സൈമൺ പറഞ്ഞു. ഓരോ സംഘവും ഓരോ മരണം അന്വേഷിക്കും. അന്വേഷണ സംഘത്തെ തിരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം എസ്.പിക്ക് നൽകിയിട്ടുണ്ട്.