jio

ന്യൂഡൽഹി : ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ മുൻനിര ടെലകോം ഓപ്പറേറ്ററായ റിലയൻസ് ജിയോയിൽ ഇനി സൗജന്യകാളുകളില്ല. ജിയോയിൽനിന്ന് മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് ഉപയോക്താക്കൾ ഇനി മിനിട്ടിന് ആറ് പൈസ നൽകണം. അതേസമയം ജിയോ നെറ്റ്‌വർക്കുകളിലേക്കുള്ള വോയ്‌സ് കോളുകൾ സൗജന്യമായി തുടരും. ട്രായ് നിർദ്ദേശത്തെതുടർന്നാണ് ജിയോയുടെ നടപടി.

ഇതര നെറ്റ്‌വ‌ർക്കുകളിലേക്ക് കോളിന് നൽകിവരുന്ന ഐ.യു.സി(ഇന്റർകണക്‌ട് യൂസേജ് ചാർജ്)യിലുണ്ടായ നഷ്ടം നികത്താനാണ് ജിയോയുടെ പുതിയ നീക്കം. 2017ൽ ട്രായ് ഐയുസി മിനുട്ടിന് 14 പൈസയിൽനിന്ന് ആറ് പൈസയാക്കി കുറച്ചിരുന്നു. 2020 ജനുവരിയിൽ ഇത് പൂർണമായി അവസാനിപ്പിക്കുമെന്നും ട്രായ് വ്യക്തമാക്കിയിരുന്നു.

ഔട്ട് ഗോയിംഗ് കോളുകൾക്കുമാത്രമാണ് പുതിയ നിരക്ക് ബാധകമാവുക. ഇൻകമിംഗ് കോളുകൾ സൗജന്യമായി തുടരും. വോയ്‌സ് കോളുകൾക്ക് പണം നഷ്ടപ്പെടുമെങ്കിലും ഇതിന് തുല്യമായ സൗജന്യ ഡാറ്റ ഉപയോക്താക്കൾക്ക് നല്‍കുമെന്നും ജിയോവാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വാട്‌സാപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വോയ്‌സ് കോളുകൾക്കും ലാൻഡ് ലൈനുകളിലേക്കുള്ള കോളുകൾക്കും നിരക്ക് വർധന ബാധകമാവില്ല. വോയ്‌സ് കോളുകൾക്കായി കമ്പനി പുതിയ ടോപ്‌അപ് വൗച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. 10 രൂപയിലാണ് ടോപ്‌അപ് വൗച്ചർ തുടങ്ങുന്നത്.

പുതിയ ടോപ്‌അപ് വൗച്ചറുകൾ

10 രൂപയുടെ ടോപ്‌അപ് റീച്ചാർജ് - ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 124 മിനിറ്റ് കോൾ ചെയ്യാം. ഇതോടൊപ്പം 1 ജി.ബി ഡാറ്റയും ഉപയോക്താവിന് ലഭിക്കും.
20 രൂപയുടെ ടോപ്‌അപ് റീച്ചാര്‍ജ് - ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 249 മിനിറ്റ് കോൾ ചെയ്യാം. ഇതോടൊപ്പം 2 ജിബി ഡാറ്റയും ലഭിക്കും.
50 രൂപയുടെ ടോപ്‌അപ് റീച്ചാർജ് - ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 656 മിനിറ്റ് കോൾചെയ്യാം. ഇതോടൊപ്പം 5 ജിബി ഡാറ്റ ലഭിക്കും.
100 രൂപയുടെ ടോപ്‌അപ് റീച്ചാർജ് - ഇതര നെറ്റ്‌വർക്കുകളിലേക്ക് 1362 മിനിറ്റ് കോൾ ചെയ്യാം. ഇതോടൊപ്പം 10 ജി.ബി ഡാറ്റയും ലഭിക്കും.