ന്യൂഡൽഹി: ആഗോള മത്സരക്ഷമതാ സൂചികയിൽ ഇന്ത്യയ്ക്ക് റാങ്കിംഗ് തകർച്ച. ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ പട്ടികയിൽ 2018ൽ 58-ാമത് ആയിരുന്ന ഇന്ത്യ ഈ വർഷം 68-ാം റാങ്കിലേക്ക് താഴ്‌ന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുടെ കൂട്ടായ്മയായ 'ബ്രിക്‌സിൽ" റാങ്കിംഗിൽ ഏറ്റവും മോശം പ്രകടനം കാഴ്‌ചവച്ചതും ഇന്ത്യയാണ്. പട്ടികയിൽ ബ്രസീൽ 71-ാം സ്ഥാനത്താണ്.
മാക്രോ എക്കണോമിക് സ്‌റ്റെബിലിറ്റി, വിപണിമൂല്യം എന്നിവയിൽ ഇന്ത്യ ഈ വർഷം മികച്ച വളർച്ചയാണ് നേടിയത്. എന്നാൽ, ബാങ്കിംഗ് മേഖലയിലെ തിരിമറികളും തിരിച്ചടികളും മത്സരക്ഷമതാ റാങ്കിംഗ് ഇടിവിന് വഴിയൊരുക്കി. കോർപ്പറേറ്റ് ഗവേർണൻസിൽ 15-ാം സ്ഥാനമുണ്ട് ഇന്ത്യയ്ക്ക്. ഷെയർഹോൾഡർ ഗവേർണൻസിൽ ആഗോളതലത്തിൽ രണ്ടാംസ്ഥാനവും വിപണി വലുപ്പത്തിൽ മൂന്നാംസ്ഥാനവും ഇന്ത്യയ്ക്കുണ്ട്.
റിന്യൂവബിൾ എനർജി നിയന്ത്രണങ്ങളിൽ മൂന്നാംസ്ഥാനവും ഇന്ത്യ നേടി. അതേസമയം, ആയുർദൈർഘ്യത്തിൽ 141 രാജ്യങ്ങളുടെ പട്ടികയിൽ 109-ാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണേഷ്യ രാജ്യങ്ങൾക്കിടയിലെ ഏറ്റവും മോശം റാങ്കാണിത്. അഫ്രിക്കയ്ക്ക് പുറത്തൊരു രാജ്യം കുറിക്കുന്ന ഏറ്രവും മോശം റാങ്കുകളിലൊന്നുമാണ്.
അയൽപ്പക്കത്തെ
റാങ്കിംഗ്
ആഗോള മത്സരക്ഷമതാ സൂചികയിൽ അമേരിക്കയെ പിന്തള്ളി സിംഗപ്പൂർ ഒന്നാംസ്ഥാനം നേടി. മൂന്നാംസ്ഥാനത്ത് ഹോങ്കോംഗാണ്. ചൈന (28), ശ്രീലങ്ക (84), ബംഗ്ളാദേശ് (105), നേപ്പാൾ (108), പാകിസ്ഥാൻ (110) എന്നിങ്ങനെയാണ് ഇന്ത്യയുടെ അയൽക്കാരുടെ റാങ്കിംഗ്.