പട്ന: ആൾക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതിയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം ബിഹാർ പൊലീസ് പിൻവലിച്ചു. മതിയായ തെളിവുകളില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ മുസഫർപുർ എസ്.എസ്.പി മനോജ് കുമാർ സിൻഹ ഉത്തരവിട്ടു.
അഭിഭാഷകനായ സുധീർകുമാർ ഓജയുടെ പരാതിയെ തുടർന്നാണ് സാദർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സെപ്തംബർ മൂന്നിനാണ് അടൂർ ഗോപാലകൃഷ്ണൻ,രാമചന്ദ്ര ഗുഹ, മണിരത്നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗൽ, സൗമിത്ര ചാറ്റർജി ഉൾപ്പെടെയുള്ള 49 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തിയതിനും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചതിനും രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ രാജ്യവ്യാപകമായി എതിർപ്പുയർന്നിരുന്നു.