bihar-

പാട്ന: ആൾക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂർഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തകർക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് ബീഹാർ പൊലീസ് റദ്ദാക്കും. പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെതുടർന്നാണ് കേസ് അവസാനിപ്പിക്കുന്നത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ മുസഫർപുർ എസ്.എസ്‍.പി മനോജ് കുമാർ സിൻഹ ഉത്തരവിട്ടു. പരാതിക്കാരൻ മതിയായ തെളിവില്ലാതെയാണ് പരാതി നൽകിയതെന്നും വ്യാജപരാതി നൽകിയ സുധീർകുമാർ ഓജയ്ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

സുധീര്‍ കുമാർ ഓജയുടെ പരാതിയെതുടർന്നാണ് സാദർ പൊലീസ് സ്റ്റേഷനിൽ സെലിബ്രിറ്റികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ മൂന്നിനാണ് രാമചന്ദ്ര ഗുഹ, അടൂർ ഗോപാലകൃഷ്ണൻ, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗൽ, സൗമിത്ര ചാറ്റർജി, രേവതി ഉൾപ്പെടെയുള്ള 49 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തിയതിനും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചതിനും രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ രാജ്യവ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. ചലച്ചിത്ര താരം നസറുദ്ദീന്‍ ഷാ, ഛായാഗ്രാഹകന്‍ ആനന്ദ് പ്രധാന്‍, എഴുത്തുകാരായ അശോക് വാജ്പേയി, ജെറി പിന്‍റോ, അക്കാദമിഷ്യന്‍ ഇറ ഭാസ്കര്‍, കവി ജീത് തയില്‍, സംഗീതജ്ഞന്‍ ടി എം കൃഷ്ണ, ചരിത്രകാരി റൊമിലാ ഥാപ്പര്‍, സിനിമാ നിര്‍മാതാവും ആക്ടിവിസ്റ്റുമായ സബാ ദേവന്‍ എന്നിവരുള്‍പ്പെടുന്ന 180 പേര്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പിന്തുണയ അറിയിച്ച് തുറന്ന കത്തെഴുതിയിരുന്നു.