കോഴിക്കോട് : കൂടത്തായ് കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പൊന്നാമറ്റം തറവാട്ടിലെ യുവാക്കളുടെ മരണത്തിന് പിന്നിലും ജോളിയെന്ന ആരോപണമുയർന്നതിന് പിന്നാലെ സുനീഷിന്റെ അമ്മ എൽസമ്മ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തി.
ജോളിയുടെ കൂട്ടുപ്രതി മാത്യുവിനെ വിൻസെന്‍റിനും സുനീഷിനുമറിയാമായിരുന്നു. സയനൈഡ് കൈമാറ്റം ഇവർ അറിഞ്ഞതിനാലാകാം അപായപ്പെടുത്താൻ സാദ്ധ്യത തെളിഞ്ഞത്. ഇതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കണമെന്ന് എൽസമ്മ സ്വകാര്യ ചാനൽ ചർച്ചയിൽ ആവശ്യപ്പെട്ടു.
മരിച്ച ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിൻസെന്റ് എന്നിവരുടെ മരണത്തിന് പിന്നിൽ ജോളിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്. മരിക്കുന്നതിന് മുമ്പ് പ്രതിസന്ധിയിൽ അകപ്പെട്ടെന്നുള്ള സുനിഷിന്റെ ഡയറിക്കുറിപ്പുകളും കണ്ടെടുത്തു.
കൊലപാതക പരമ്പരയിൽ ആദ്യം മരിച്ച അന്നമ്മയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ 2002 ആഗസ്റ്റ് 24നാണ് വിൻസെന്റ് എന്ന ഉണ്ണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടോം തോമസിന്റെ രണ്ടാമത്തെ സഹോദരൻ അഗസ്റ്റിന്റെ മകനാണ് വിൻസെന്റ്. 2008 ജനുവരി 17നാണ് സുനീഷ് ബൈക്ക് അപകടത്തിൽ മരിക്കുന്നത്. ടോം തോമസിന്റെ മൂന്നാമത്തെ സഹോദരൻ ഡൊമനിക്കിന്റെ മകനാണ് സുനീഷ്. രണ്ടു പേർക്കും റോയിയും ജോളിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായും സാമ്പത്തിക ഇടപാടുകൾ ഉള്ളതായും സംശയിക്കുന്നു.