തിരുവനന്തപുരം : ഇളം ചുവപ്പ് നിറത്തിലുള്ള പട്ടുകുർത്തയണിഞ്ഞ് കൂളിംഗ് ഗ്ലാസ് ധരിച്ച് ചെറുപുഞ്ചിരിയുമായി ലോക ബാഡ്മിന്റൺ റാണി പി.വി. സിന്ധു അന്തപുരിയുടെ രാജവീഥിയിലൂടെ തുറന്ന വാഹനത്തിൽ കടന്നുവന്നപ്പോൾ ഗാലറിയിലെ ഇടിമുഴക്കം പോലെ റോഡിനിരുവശത്തും കാത്തുനിന്നവർ ഹർഷാരവത്തോടെ സ്വീകരണമേകി .
ഒളിമ്പിക് അസോസിയേഷന്റെയും സംസ്ഥാന കായിക വകുപ്പിന്റെയും നേതൃത്വത്തിൽ പി.വി. സിന്ധുവിന് ആദരവ് നൽകാനൊരുക്കിയ ചടങ്ങിലേക്കുള്ള യാത്രയിലാണ് തിരുവനന്തപുരത്തെ കായികപ്രേമികളുടെ ആതിഥ്യ മര്യാദ സിന്ധുവിന്റെ മനസ് നിറച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നാണ് സിന്ധുവിനെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടത്. അശ്വാരൂഢ സേനയുടെയും സൈക്ലിംഗ് പ്രതിഭകളുടെയും റോളർ സ്കേറ്റിങ് താരങ്ങളുടെയും പിന്നിലായി ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന വിധം മൂന്നു നിറങ്ങളിലുള്ള കൊടികളേന്തിയ നൂറുകണക്കിന് കായിക താരങ്ങളുടെ അകമ്പടിയിലാണ് പി.വി. സിന്ധുവിനെ സമ്മേളനവേദിയായ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്.
തുറന്ന വാഹനത്തിൽ ചിരിതൂകി കാഴ്ചക്കാരെ കൈവീശി അഭിവാദ്യം ചെയ്ത് നീങ്ങുന്നതിനിടയിൽ പലരും ബൊക്കയുമായെത്തി. വഴിനീളെ ലഭിച്ച സ്വീകരണത്തിന് നന്ദിപറഞ്ഞ് മുന്നോട്ടുനീങ്ങുമ്പോൾ ഹർഷാരവങ്ങൾ ഉയർന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരും വിവിധ സ്പോർട്സ് അസോസിയേഷനുകളും ബാനറുകളുമായി വഴിനീളെ കാത്തുനിൽപ്പുണ്ടായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഇടിമുഴക്കമായി കുട്ടികൾ സിന്ധുവിന് റെഡ് സല്യൂട്ട് മുഴക്കി. റോസാപുഷ്ങ്ങൽ നൽകിയും ഷാൾ അണിയിച്ചും വിദ്യാർത്ഥികൾ ആദരിച്ചു. കേരളീയ വേഷധാരികളായ വിദ്യാർത്ഥികൾ സിന്ധുവിന്റെ ബാനറുകളുമായി റോഡിൽ കാത്തുനിന്നു. അവിടെനിന്നും മുന്നോട്ടുള്ള റോഡിൽ നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ വഴിനീളെ കാത്തുനിൽപ്പുണ്ടായിരുന്നു.
കോർപറേഷന് മുന്നിൽ മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും നഗരസഭ ജീവനക്കാരും സ്വീകരണം നൽകി. മാണി സി. കാപ്പൻ എം.എൽ.എയും സിന്ധുവിന് ആദരവ് നൽകി. പബ്ലിക് ഓഫീസിന് മുന്നിൽ സർക്കാർ ജീവനക്കാരും തുടർന്ന് സ്റ്റേഡിയം വരെയുള്ള വീഥിക്കരികിൽ കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥികളും അണിനിരന്നു. സ്റ്റേഡിയത്തിന് മുന്നിൽ കേരളീയ വേഷധാരികളായ പെൺകുട്ടികൾ മുത്തുക്കുടയേന്തി സിന്ധുവിനെ കാത്തുനിന്നു. മോഹിനിയാട്ടക്കാരും സിന്ധുവിന് സ്വീകരണമേകി. കേരളത്തിന്റെ ആദരത്തിൽ മനസ് നിറഞ്ഞാണ് സിന്ധു വേദിയിൽ എത്തിയത്.
വിമർശനങ്ങളെ ഇന്ധനമാക്കി കോർട്ടിൽ കുതിക്കുന്ന സിന്ധുവിന്റെ പോരാട്ടവീര്യം കായിക പ്രതിഭകൾക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന്റെ ഉപഹാരം നൽകി പറഞ്ഞു.