തിരുവനന്തപുരം: എല്ലായിടത്തും പനി പടർന്ന് പിടിക്കുകയാണിപ്പോൾ. സാധാരണ വൈറൽ പനി മുതൽ മാരകമായ എച്ച് വൺ എൻ വൺ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയും പടരുന്നു. ദിവസവും പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ കണക്ക് എടുത്താൽ തലസ്ഥാനമാണ് മുന്നിൽ. കഴിഞ്ഞ നാലു ദിവസം സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തിയവരുടെ എണ്ണം 2753 ആണ്. ഈ ദിവസങ്ങളിൽ എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ രണ്ടു പേർ മരിച്ചു. കഴിഞ്ഞ മാസം 135 ഡെങ്കി കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടുവെങ്കിലും ഈ മാസം ഇതുവരെ 30 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു
സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെയും ഹോമിയോ, ആയുർവേദ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെയും എണ്ണമെടുക്കുമ്പോൾ പനി ബാധിതരുടെ എണ്ണം ഇരട്ടിയിലേറെ ആകും.
എല്ലാ ആശുപത്രികളിലും ഒ.പി സമയത്ത് വൻ തിരക്കാണിപ്പോൾ. മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കൽ കോളേജ്, കിഴക്കേകോട്ടയിലെ ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലൊക്കെ ചികിത്സ തേടി വരുന്ന പനിബാധിതരുടെ എണ്ണം കൂടി വരികയാണ്.
മഴയും വെയിലും മാറി മാറി വരുന്ന കാലാവസ്ഥയാണ് പകർച്ചവ്യാധികൾ വർദ്ധിക്കാൻ കാരണം.
ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നാലും വീടുകളുടെ പിന്നാമ്പുറങ്ങളിലും റോഡുവക്കുകളിലുമൊക്കെ നിറയുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. വീട്ടിലെ മാലിന്യം ഉൾപ്പെടെയുള്ളവ പ്ളാസ്റ്റിക് കവറിൽ കെട്ടി റോഡു വക്കിലേക്കു കൊണ്ടു തള്ളുന്ന പ്രവണത ഇപ്പോഴും അവസാനിച്ചിട്ടില്ല.
നിയന്ത്രിക്കുന്നുണ്ട്, എങ്കിലും കൂടുന്നു
മലയിൻകീഴ്, വിളപ്പിൽ, വട്ടിയൂർക്കാവ്, വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ്, മാറനല്ലൂർ, മണക്കാട്, അമ്പലത്തറ, പി.എം.ജി, തൃക്കണ്ണാപുരം, നാലാഞ്ചിറ, പേരൂർക്കട, വിഴിഞ്ഞം, കല്ലിയൂർ, പള്ളിച്ചൽ, വെമ്പായം, അരുവിക്കര, കരകുളം, മലയിൻകീഴ് എന്നിവിടങ്ങളിൽ നിന്നാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ ഡെങ്കിബാധ കുറയുന്നതിന് സഹായകമായി. എന്നിട്ടും പകർച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല.
കഴിഞ്ഞ ഒരുവർഷത്തിനിടെ പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് അരുവിക്കര, കുളത്തൂർ, ചെങ്കൽ, പൂന്തുറ, കുമാരപുരം, പള്ളിക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നാണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഇപ്പോൾ ഡെങ്കിപ്പനി റിപ്പോർട്ടു ചെയ്യുന്നത് കുറഞ്ഞിട്ടുണ്ടെന്നും. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.