
തിരുവനന്തപുരം: രണ്ട് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ വഴുതക്കാട് - തൈക്കാട് റോഡ് വികസനപ്രവർത്തനത്തിന് ഊർജ്ജം നൽകാൻ വീണ്ടും അധികൃതരുടെ ശ്രമം. പ്രാഥമികമായി വഴുതക്കാട് വിമെൻസ് കോളേജ് മുതൽ വെള്ളയമ്പലം വരെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ നാലുവരി പാതയുടെ ഉപരിതലം ടാർചെയ്തു വെടിപ്പാക്കാൻ വീണ്ടും ടെൻഡർ ക്ഷണിക്കും. വഴുതക്കാട്- വെള്ളയമ്പലം ഭാഗത്ത് ടാറിംഗിന് 85 ലക്ഷത്തിന്റെയും തൈക്കാട്- വഴുതക്കാട് ഭാഗത്തേക്ക് 43 ലക്ഷത്തിന്റെയും എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് മാസം മുമ്പ് ഇതിനായി ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാർ ടെൻഡർ നൽകാൻ തയ്യാറായി വന്നില്ല. അതിനാലാണ് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും ടെൻഡർ ചെയ്യുന്നത്.
റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. ടാറിംഗ് ജോലികൾ ഉടൻ നടത്തിയില്ലെങ്കിൽ മഴക്കാലം എത്തുന്നതോടെ കൂടുതൽ ശോചനീയമാവും അവസ്ഥ. തലസ്ഥാന നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നാണ് ഇത്. വാഹനഗതാഗതം വിഴിതിരിച്ചുവിട്ടു വേണം നിർമ്മാണ ജോലികൾ നടത്താൻ. അല്ലെങ്കിൽ രാത്രിയിൽ മാത്രമാക്കണം ടാറിംഗ്. സാധാരണ പ്രവൃത്തിക്ക് വേണ്ടതിനെക്കാൾ 50 ശതമാനം അധികം തുക വേണ്ടിവരും. എസ്റ്രിമേറ്റ് തുക കുറവും. ഇതാണ് ടെൻഡറിൽ പങ്കെടുക്കാൻ കരാറുകാർ താത്പര്യം കാട്ടാത്തത്. എങ്കിലും അടുത്ത മഴയ്ക്ക് മുമ്പ് ടാറിംഗ് തീർക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം.
സ്ഥലമെടുപ്പ് തടസങ്ങൾ നീങ്ങുന്നു
വഴുതക്കാട് മുതൽ തൈക്കാട് വരെ ഭാഗത്തെ റോഡുവികസനത്തിനുള്ള സ്ഥലമേറ്റെടുപ്പായിരുന്നു റോഡു വികസനത്തിന് പ്രധാന വെല്ലുവിളിയായി നിന്നത്. എന്നാൽ ആ തടസം മെല്ലെ നീങ്ങുകയാണ്. വഴുതക്കാട്-വെള്ളയമ്പലം ഭാഗത്ത് നാലുവരിക്കുള്ള സ്ഥലമെടുപ്പ് നേരത്തേ പൂർത്തിയാക്കിയിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പാണ് സ്ഥലമെടുപ്പിന്റെ ചുമതല ട്രിഡയെ ഏല്പിച്ചത്. എട്ടു വ്യക്തികളുടെ സ്ഥലവും സ്ഥാപനങ്ങളുമാണ് ഏറ്രെടുക്കേണ്ടിയിരുന്നത്. ട്രിഡയും റവന്യുവകുപ്പും ഏറെ ശ്രമങ്ങൾ നടത്തിയശേഷമാണ് ഇവരിൽ നിന്ന് സ്ഥലമേറ്റെടുക്കാൻ സമ്മതപത്രം വാങ്ങിയത്.
സ്ഥലമുടമകൾക്ക് പണം നൽകി, ഏറ്റെടുക്കൽ പൂർത്തിയാക്കിയെങ്കിലും ഈ സ്ഥലത്ത് പലവിധ സ്ഥാപനങ്ങൾ നടത്തിയിരുന്നവർ ഒഴിയാൻ കൂട്ടാക്കിയില്ല. പുനരധിവാസത്തിന് സംവിധാനമില്ലാത്തതാണ് ഒഴിഞ്ഞുപോകാനുള്ള തടസമായി ഇവർ പറഞ്ഞത്. അക്കാരണത്താൽ സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറിയെങ്കിലും ഒഴിപ്പിക്കൽ നീണ്ടു നീണ്ടുപോയി. ആറുമാസം മുമ്പാണ് എല്ലാവരും മാറിയത്. അതോടെയാണ് നാലുവരി വികസനത്തിന് വഴി തെളിഞ്ഞത്. വഴുതക്കാട് ജംഗ്ഷൻ വികസനത്തിന് കുറച്ച് സ്ഥലം കൂടി ഏറ്റെടുക്കുകയെന്നതാണ് ഇനിയുള്ള കടമ്പ. അത് കൂടി പൂർത്തിയാക്കിയാൽ ദേശീയ നിലവാരത്തിൽ നാലുവരി പാത വികസിപ്പിക്കാനുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും.
വിമെൻസ് കോളേജ് - ആശുപത്രി ജംഗ്ഷൻ റോഡിന് അഞ്ചുകോടിയുടെ പദ്ധതി
വിമെൻസ് കോളേജ് ജംഗ്ഷൻ മുതൽ തൈക്കാട് ആശുപത്രി ജംഗ്ഷൻ വരെ നിലവിൽ രണ്ടുവരി പാതയാണ്. ഈ ഭാഗത്ത് റോഡു വികസനത്തിന് നേരത്തേ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ വക കുറെ സ്ഥലവുമുണ്ട്. ഈ ഭാഗം കൂടി നാലുവരിയാക്കി വികസിപ്പിക്കാൻ അഞ്ചുകോടിയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ അംഗീകാരം കിട്ടിയാൽ ഇതിന്റെ പ്രവർത്തനങ്ങളും ഉടൻ തുടങ്ങും.