കൊച്ചി: അർദ്ധരാത്രി വീട്ടിൽ കയറിച്ചെന്ന് 17 വയസ് മാത്രം പ്രായമുള്ള പ്ലസ് വൺ വിദ്യാർത്ഥിനിയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. കാക്കനാട് സ്വദേശിയായ ദേവിക എന്ന വിദ്യാർത്ഥിനിയാണ് പറവൂർ സ്വദേശിയായ മിഥുൻ എന്നയാളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പൊള്ളലേറ്റ യുവാവും മരണപ്പെട്ടിട്ടുണ്ട്. പലതവണയായി സംസ്ഥാനത്ത് പലയിടത്തായി ഉണ്ടായിട്ടുള്ള പ്രണയനൈരാശ്യ കൊലകളിൽ ഒടുവിലത്തേതാണിത്. കാക്കനാട്ടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപം പദ്മാലയം എന്ന വീട്ടിൽ കഴിയുന്ന ഷാലൻ-മോളി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ദേവിക. മിഥുൻ ദേവികയോട് നിരന്തരം പ്രേമാഭ്യർത്ഥന നടത്തിയിരുന്നു. ഇത് പെൺകുട്ടി നിരസിച്ചതാണ് ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് നിഗമനം.
അർദ്ധരാത്രി പന്ത്രണ്ടേകാലോടെയാണ് സംഭവം ഉണ്ടായത്. ബൈക്കിൽ ഷാലന്റെ വീട്ടിലെത്തിയ യുവാവ് വാതിലിൽ മുട്ടുകയും പെൺകുട്ടിയെ കാണണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് വന്ന ദേവികയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് ഇയാൾ തീ കൊളുത്തി. മിഥുനിന്റെ ദേഹത്തേക്കും തീ പടർന്നു. മകളെ രക്ഷിക്കാൻ ശ്രമിച്ച ഷാലനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വീട്ടിലെ ബഹളം കേട്ടെത്തിയ നാട്ടുകാരും അയൽക്കാരും പെൺകുട്ടിയെയും യുവാവിനെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വച്ചായിരുന്നു ഇരുവരുടെയും മരണം. മിഥുനിന്റെ ബൈക്ക് പെൺകുട്ടിയുടെ വീടിന് സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.