red-157

പുറത്ത് മറ്റൊന്നും പ്രകടിപ്പിക്കാതെ സി.ഐ അലിയാർ, പാഞ്ചാലിയുടെ മുറിയിൽ നിന്നിറങ്ങി.

ശേഷം ശ്രീനിവാസകിടാവിനോടും സുരേഷിനോടുമായി അറിയിച്ചു.

''ഇവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെങ്കിൽ എനിക്ക് പ്രജീഷിനെയും ചന്ദ്രകലയെയും കയ്യിൽ കിട്ടിയേ പറ്റൂ. അതുകൊണ്ട് അവർ വിളിക്കുകയാണെങ്കിൽ ഉടനെ എന്നെ അറിയിക്കണം. അവർ വിളിച്ച ഫോൺ നമ്പരും."

കിടാവ് മിണ്ടിയില്ല.

സുരേഷ് തലയാട്ടി സമ്മതിച്ചു.

അലിയാർ മടങ്ങാനൊരുങ്ങി.

''ഞാൻ അന്വേഷിക്കാം. പക്ഷേ ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട്. ശരീരമില്ലാത്തതാണ് ആത്മാക്കൾ എങ്കിൽ അവർക്ക് ആരെയും സ്പർശിക്കുവാനോ ഇതുപോലെ പുക പരത്തുവാനോ കഴിയില്ല. അതുകൊണ്ട് പ്രേതം അല്ലെന്നു തന്നെ ഞാൻ കരുതുന്നു."

ഇടം കണ്ണിട്ട് അലിയാർ, എം.എൽ.എയെ ഒന്നു ശ്രദ്ധിച്ചു.

''ശത്രുക്കളുടെ എണ്ണം പെരുകുമ്പോൾ ആരൊക്കെ ഏതൊക്കെ രൂപത്തിൽ വരുമെന്നുമാത്രം നമുക്ക് അറിയാൻ കഴിയില്ല... ഓരോരുത്തരുടെയും ചെയ്തികൾ പോലെയിരിക്കും അത്."

അതുകേട്ട് ശ്രീനിവാസ കിടാവ് കടപ്പല്ലു ഞെരിച്ചു.

''പല്ലു ഞെരിച്ചിട്ടു കാര്യമില്ല. സത്യം കേൾക്കുമ്പോൾ ചിലർക്കു ദേഷ്യം വരുന്നത് മനുഷ്യസഹചം. പക്ഷേ എത്രകാലം നമുക്കിങ്ങനെ പല്ലു കടിക്കുവാൻ സാധിക്കും എന്നുള്ളത് കാലം കാത്തുവച്ചിരിക്കുന്ന തിരിച്ചടികളെ ആശ്രയിച്ചിരിക്കും."

അലിയാർ ഇറങ്ങിപ്പോയി.

പിന്നാലെ പോലീസുകാരും.

നിലമ്പൂർ പോലീസ് സ്റ്റേഷൻ.

അലിയാർ മടങ്ങിച്ചെല്ലുമ്പോൾ അന്വേഷണം കഴിഞ്ഞ് എസ്.ഐ സുകേശും തിരിച്ചുവന്നിരുന്നു.

''അണലിയുടെ വീട്ടിൽ പോയോ സുകേശേ?"

തൊപ്പിയെടുത്തു കയ്യിൽ പിടിച്ചുകൊണ്ട് അലിയാർ ക്യാബിനിൽ കയറി.

''പോയി സാർ..."

സുകേശ് ഒപ്പം ചെന്നു.

അലിയാർ തന്റെ സീറ്റിൽ അമർന്നു. തൊപ്പി മേശപ്പുറത്തു വച്ചു.

''താൻ ഇരിക്ക് സുകേശേ. എന്നിട്ട് ഡീറ്റയിൽസ് പറ."

''സാർ." സി.ഐയ്ക്ക് എതിരെ എസ്.ഐയും ഇരുന്നു.

''അണലിയുടെ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും ആറുവയസുള്ള ഒരു പെൺകുട്ടിയുമാണ് അവിടെയുള്ളത്. മിക്ക ദിവസങ്ങളിലും രാത്രികാലങ്ങളിൽ അണലി അവിടെ ഉണ്ടാകാറില്ല. ചിലപ്പോൾ പോയാൽ നാലും അഞ്ചും ദിവസങ്ങൾ കഴിഞ്ഞേ മടങ്ങിച്ചെല്ലൂ. അതുകൊണ്ട് ആദ്യമൊന്നും അയാളുടെ തിരോധാനത്തിന് അവർ അത്ര ഗൗരവം കൊടുത്തില്ല."

സുകേശ് ഒന്നു നിർത്തി.

''നമുക്ക് ഗുണകരമായ എന്തെങ്കിലും വിവരം കിട്ടിയോ?"

അലിയാർ ടേബിളിനു പുറത്തെ ഗ്ളാസിലൂടെ മെല്ലെ വിരലോടിച്ചു.

''അങ്ങനെ പ്രത്യേകിച്ച്... പിന്നെ സാർ ... കാണാതാകുന്നതിനുമുൻപ് കുറച്ചേറെ പണം അണലിയുടെ കയ്യിൽ ഉണ്ടായിരുന്നതായി ഭാര്യ സമ്മതിച്ചു. ഒപ്പം കുറച്ചു ദിവസം ഒരു കോവിലകത്താകും നൈറ്റ് ഡ്യൂട്ടിയെന്ന് അണലി ഭാര്യയോടു പറഞ്ഞിരുന്നു."

''കറക്ട്." അലിയാരുടെ മുഖം തെളിഞ്ഞു. അത് നമുക്ക് സഹായകരമായ ഇൻഫർമേഷൻ തന്നെ. എന്റെ ഊഹം ശരിയാകുമെന്നു തോന്നുന്നു സുകേശേ... ആ സ്കെൽട്ടൺ അണലിയുടേതു തന്നെയാവും. ഇനിവേണ്ടത് ഡി.എൻ.എ ടെസ്റ്റാണ്. അതിനു മുൻപ് ചന്ദ്രകലയെയും പ്രജീഷിനെയും കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു."

അലിയാർ പെട്ടെന്നു ഫോൺ എടുത്ത് സൈബർ സെല്ലിലേക്കു വിളിച്ചു.

''ദാസപ്പാ... ഞാനാ അലിയാർ."

''പറയൂ സാർ..."

അപ്പുറത്തുനിന്ന് ഇൻസ്പെക്ടർ ദാസപ്പന്റെ സന്തോഷം നിറഞ്ഞ ശബ്ദം കേട്ടു.

അലിയാർ ശബ്ദം താഴ‌്‌ത്തി:

''വളരെ കോൺഫിഡൻഷ്യലാണ്. താൻ അല്ലാതെ മറ്റാരും അറിയാനും പാടില്ല... എം.എൽ.എ ശ്രീനിവാസകിടാവിന് എത്ര സെൽനമ്പരുകൾ ഉണ്ടോ അതെല്ലാം ട്രെയിസ് ചെയ്യണം. ചന്ദ്രകലയോ പ്രജീഷോ... അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ടവരോ... ആരെങ്കിലും വിളിച്ചാൽ വിളിക്കുന്നവരുടെ ടവർ പരിധി ഏതെന്ന് അപ്പോൾത്തന്നെ എന്നോടു പറയണം."

''സാർ... കുഴപ്പമാകുമോ.. ആ എം.എൽ.എ ഒരു വിഷപ്പാമ്പാ." ദാസപ്പനു സംശയം.

''ആ പാമ്പിന്റെ പല്ലൊക്കെ ഞാൻ തല്ലിയടർത്തും ദാസപ്പാ. തൽക്കാലം എനിക്കു വേണ്ടത് പ്രജീഷ്, ചന്ദ്രകല എന്നിവരെയാണ്."

''ശരി സാർ... ഞാൻ ചെയ്യാം."

''താങ്ക്‌യൂ..."

കാൾ കട്ടു ചെയ്തിട്ട് അലിയാർ സുകേശിനെ നോക്കി കണ്ണിറുക്കി.

സുകേശും ചിരിച്ചു.

********

വടക്കേ കോവിലകം.

അലിയാർ മടങ്ങിയതോടെ എം.എൽ.എ ശ്രീനിവാസകിടാവ് കൂടുതൽ അസ്വസ്ഥനായി. ചന്ദ്രകലയോ പ്രജീഷോ ബാക്കി കാണില്ലെന്ന് അയാൾ പറഞ്ഞത്, താൻ അവരെ കൊലപ്പെടുത്തിക്കാണും എന്ന വിചാരത്തിലാണ്.

അവരെ ജീവനോടെ ഇവിടെ എത്തിക്കേണ്ടത് തന്റെ കൂടി ബാദ്ധ്യതയാണെന്ന് കിടാവിനു തോന്നി.

പക്ഷേ, തങ്ങൾ ഒന്നിച്ചുനിന്ന് ചെയ്തിട്ടുള്ളതു പലതുമുണ്ട്.

പെട്ടു പോകുമെന്നു തോന്നിയാൽ തന്നെക്കൂടി അവർ പ്രതിസ്ഥാനത്ത് നിർത്തുമോ?

അതായിരുന്നു കിടാവിന്റെ അസ്വസ്ഥതയ്ക്കു കാരണം.

''ഞാൻ എന്നാൽ ഹേമയേം കുഞ്ഞുങ്ങളേം വീട്ടിലേക്ക് കൊണ്ടുപോകട്ടെ?"

പിന്നിൽ നിന്ന് രേണുക തിരക്കി.

കിടാവ്, അവർക്കു നേരെ തിരിഞ്ഞു. അയാൾ നാവനക്കുന്നതിനു മുൻപ് ഒരു ശബ്ദം കേട്ടു.

''കൊണ്ടുപോകരുത്... കൊണ്ടുപോയാൽ എനിക്കവരെ കൊല്ലാൻ പറ്റിയില്ലെങ്കിലോ?"

നടുങ്ങി വിറച്ചുപോയി കിടാവും ഭാര്യയും!

(തുടരും)