ദുബായ്: തിരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്ന കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ നിക്ഷേപത്തിനായി ഇടതുപക്ഷ സർക്കാർ പ്രതീക്ഷയർപ്പിക്കുന്നത് പ്രവാസികളിൽ. വർഷം തോറും പ്രവാസികളിൽ നിന്നും പൊതുമേഖലാ ബാങ്കുകളിലേക്ക് എത്തിച്ചേരുന്നത് വൻതുകയാണ്. കേരളത്തിന്റെയും പ്രവാസികളുടെയും ക്ഷേമത്തിന് ഈ ബാങ്കിന്റെ സേവനം ഉപകാരപ്രദമാകുമെന്നും സർക്കാർ വിലയിരുത്തുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇപ്പോഴുള്ള പ്രതികൂല തൊഴിൽ സാഹചര്യങ്ങളിലും നാട്ടിലേക്ക് എത്തുന്ന പ്രവാസി പണത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ പ്രധാന പൊതുമേഖലാ ബാങ്കുകളിലായി പ്രവാസികളുടെ ലക്ഷം കോടിയിൽപ്പരം തുകയാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ തുകയുടെ ഗുണം പ്രവാസികൾക്കോ കേരളത്തിലെ ജനങ്ങൾക്കോ കാര്യമായി ലഭിക്കുന്നില്ലെന്ന ആക്ഷേപം പരക്കെ ഉണ്ട്. കഴിഞ്ഞ ദിവസം പ്രവാസി ചിട്ടിയുടെ പ്രചാരണം സംബന്ധിച്ച് ദുബായിലെത്തിയ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം ശരിവച്ചിരുന്നു.
കേരള ബാങ്കിന്റെ രൂപീകരണം അവസാന ഘട്ടത്തിലാണെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ വച്ച് നടത്തിയ പ്രഖ്യാപനം പ്രവാസികളെ ആവേശത്തിലാക്കിയിരുന്നു. ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികൾക്ക് വായ്പകൾ നൽകുന്നതിൽ പൊതുമേഖല സ്ഥാപനങ്ങൾ വച്ചുപുലർത്തുന്ന വിമുഖതയും കേരള ബാങ്കിന് ഗുണകരമായി വരും. കേരള ബാങ്കിന്റെ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ നടപ്പാക്കുന്നതെങ്ങനെ എന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് പ്രവാസി മലയാളികൾ.