girl-killed

കൊച്ചി: കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന്‌ തീവച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തി. രാത്രി പന്ത്രണ്ടേകാലിന് വീട്ടിലേക്കെത്തി മകൾ ദേവികയെ കൊലപ്പെടുത്തിയ മിഥുൻ തന്റെ ദേഹത്തേക്കും പെട്രോൾ ഒഴിച്ചിരുന്നുവെന്ന് അമ്മ മോളി പറയുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മയും ഇളയ കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ബോധരഹിതയായ മോളി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ദേഹത്ത് പെട്രോൾ ഒഴിച്ചതിന് ശേഷമാണ് മിഥുൻ ദേവികയുടെ വീട്ടിലേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി ഇവരുടെ അയൽവാസിയും പറയുന്നു. ഇതിന് മുൻപും മിഥുൻ വീട്ടിലേക്ക് വന്നിട്ടുണ്ടെന്നും അയൽവാസി പറയുന്നു. ദേവിക ട്യൂഷനായി പോയിരുന്ന സ്ഥലത്തും മിഥുൻ ശല്യം ചെയ്യാനായി എത്തിയിരുന്നതായി പെൺകുട്ടിയുടെ സഹപാഠിയും പറയുന്നുണ്ട്. ഇവർ രണ്ടുപേരും തമ്മിൽ ബുധനാഴ്ച വൈകുന്നേരം വാക്കുതർക്കം നടന്നിരുന്നതായും സഹപാഠി വെളിപ്പെടുത്തി.

burn

ഇന്നലെ അർദ്ധരാത്രിയാണ് കാക്കനാട് സ്വദേശിയായ ദേവിക എന്ന വിദ്യാർത്ഥിനിയെ പറവൂർ സ്വദേശിയായ മിഥുൻ തീവച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ മിഥുനും മരണപ്പെട്ടിരുന്നു. പലതവണയായി സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള പ്രണയനൈരാശ്യ കൊലകളിൽ ഒടുവിലത്തേതാണിത്. കാക്കനാടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപം പദ്മാലയം എന്ന വീട്ടിൽ കഴിയുന്ന ഷാലൻ-മോളി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ദേവിക. മിഥുൻ ദേവികയോട് നിരന്തരം പ്രേമാഭ്യർത്ഥന നടത്തിയിരുന്നു. ഇത് പെൺകുട്ടി നിരസിച്ചതാണ് ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് നിഗമനം.