കോട്ടയം: തോക്ക് ചൂണ്ടി അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയെന്നും മോചന ദ്രവ്യമായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും കത്തെഴുതി വച്ച ശേഷം മൂന്നര ലക്ഷം രൂപയുമായി ഇന്നലെ പുലർച്ചെ നാട് വിട്ട പത്താം ക്ലാസുകാരനെ വൈകുന്നേരത്തോടെ പൊലീസ് കണ്ടെത്തി. കൊച്ചി ലുലുമാളിലെ ഫുഡ് കോർട്ടിൽ നിന്നാണ് പിടികൂടിയത്. ഓണപ്പരീക്ഷയ്‌ക്ക് മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്ക് പറഞ്ഞതാണ് നാടു വിടാൻ കാരണമെന്നാണ് ഏറ്റുമാനൂർ സ്വദേശിയായ കുട്ടി പൊലീസിനോട് പറഞ്ഞത്.
തലേന്ന് രാത്രി പന്ത്രണ്ട് മണിവരെ മാതാവിനും പിതാവിനുമൊപ്പമുണ്ടായിരുന്നു കുട്ടി, പുലർച്ചെ അലമാരയിലുണ്ടായിരുന്ന മൂന്നര ലക്ഷം രൂപയും എടുത്ത് സൈക്കിളിൽ സ്ഥലം വിടുകയായിരുന്നു. പരിശോധനയിൽ എഴുതിവച്ചിരുന്ന കത്ത് കിട്ടി. താൻ അജ്ഞാത സംഘത്തിന്റെ പിടിയിലാണെന്നും തലയിൽ തോക്ക് ചൂണ്ടിയാണ് കത്ത് എഴുതിക്കുന്നതെന്നും തിരുവനന്തപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പതിനഞ്ച് ലക്ഷം രൂപയുമായി എത്തിയാലേ വിട്ടയയ്ക്കൂ എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. വീട്ടുകാർ വിവരം ഏറ്റുമാനൂർ സ്റ്റേഷനിൽ അറിയിച്ചു.കുട്ടിയുടെ വിശദാംശങ്ങൾ സഹിതം പൊലീസ് സംസ്ഥാനത്തെ എല്ലാ സ്റ്റേഷനിലേയ്‌ക്കും വിവരം കൈമാറി. ഇതിനിടെയാണ് അടുത്തിടെ കുട്ടി ലുലുമാളിൽ പോയിരുന്നതായി പൊലീസ് മനസിലാക്കിയത്.
എറണാകുളം ഭാഗത്തേയ്‌ക്കുള്ള സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ രണ്ടിടത്ത് സൈക്കിളിൽ കുട്ടി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് ഹൗസ് ഒാഫീസർ എ.ജെ തോമസ് ലുലുമാളിലെ സെക്യൂരിറ്റി മേധാവിയ്ക്ക് കുട്ടിയുടെ ചിത്രം അയച്ചുകൊടുത്തു. വൈകിട്ട് അഞ്ചരയോടെ, ലുലുമാളിലെ ഫുഡ് കോർട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടിയെ സെക്യൂരിറ്റി ജീവനക്കാർ കണ്ടെത്തി. തുടർന്ന് പൊലീസിനു കൈമാറിയ കുട്ടിയെ വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.