novel

ഒരു നിമിഷത്തേക്ക് ആർക്കും അനങ്ങുവാൻ കഴിഞ്ഞില്ല...

രേണുക ചകിതഭാവത്തിൽ ഭർത്താവിനെ നോക്കി.

ശ്രീനിവാസകിടാവും ആ ശബ്ദം എവിടെനിന്നാണു വന്നതെന്ന് നെഞ്ചിടിപ്പോടെ കാതോർക്കുകയാണ്.

സുരേഷും ഹേമലതയും കുട്ടികളും കൂടി അവർക്കരുകിലേക്ക് ഓടിവന്നു.

''അങ്കിളേ.. ആരാണങ്ങനെ പറഞ്ഞത്?"

ഹേമലത വല്ലാതെ കിതച്ചു.

''അറിയില്ല..." കിടാവ് തല കുടഞ്ഞു.

''എനിക്ക് തോന്നുന്നത് തട്ടിൻപുറത്തു നിന്നാണെന്നാ..."

സുരേഷ് പറഞ്ഞു.

''എങ്കിൽ താമസിക്കണ്ടാ. തുറക്കെടാ തട്ടിൻപുറം. അവിടെ ആരുണ്ടെങ്കിലും ജീവനോടെ പുറത്തു പോകില്ല."

കിടാവ് ഹേമലതയ്ക്കു നേരെ തിരിഞ്ഞു.

''മോളേ. എതായാലും പ്രേതം പകൽ സമയത്ത് വരില്ലല്ലോ.."

ഹേമലത മിണ്ടിയില്ല.

സുരേഷ് തട്ടിൻപുറത്തിന്റെ ഭാഗത്തേക്കു കുതിച്ചു. പിന്നാലെ എം.എൽ.എ ശ്രീനിവാസകിടാവും.

തട്ടിൻപുറത്തേക്കുള്ള മരഗോവണി ചാടിക്കയറി, സുരേഷ്.

പഴക്കം വിളിച്ചോതുന്നതുപോലെ ഗോവണി ഒന്നു കരഞ്ഞു.

തട്ടിൻപുറത്തിന്റെ വാതിൽ മുകളിലേക്കു തള്ളിയാണു തുറക്കേണ്ടത്.

സുരേഷ് ശക്തിയിൽ പലകപ്പാളിയിൽ മുകളിലേക്കു തള്ളി.

വല്ലാത്തൊരു ശബ്ദത്തോടെ വിജാഗിരികൾ ശബ്ദമുണ്ടാക്കി. പലകപ്പാളി അപ്പുറത്തേക്കു മറിഞ്ഞുവീണു...

അവിടെ പൊടിപടലങ്ങൾ ഇളകി.

കുറച്ചു താഴേക്കും പതിച്ചു.

സുരേഷിന്റെ കണ്ണിലും മൂക്കിലുമൊക്കെ അതു വീണു.

പക്ഷേ കാര്യമാക്കിയില്ല.

അവൻ മുകളിലേക്കു വീണ്ടും കയറി.

തട്ടിൻപുറത്ത് മങ്ങിയ വെളിച്ചമേയുള്ളൂ.

സുരേഷ് അവിടേക്കു തലയിട്ടു നോക്കി.

ഒരു ഞെട്ടൽ....

തൊട്ടു മുന്നിൽ ഒരു കറുത്ത രൂപം. താഴെനിന്നു നോക്കിയതു കാരണം അത് വലിയ വലിപ്പമുള്ളതാണെന്നു തോന്നി.

''അവിടെ എന്തെങ്കിലും ഉണ്ടോടാ?" കിടാവിന്റെ ചോദ്യം.

സുരേഷ് മറുപടി പറയുവാൻ നാവനക്കിയതേയുള്ളു...

ആ രൂപം കാലുയർത്തി ഒറ്റ ചവിട്ട്...

'ആ..."

അലറിക്കൊണ്ട് സുരേഷ് താഴേക്കു പതിച്ചു.

അയാളുടെ പുറം ശക്തിയിൽ തടിപ്പടികളിൽ ചെന്നിടിച്ചു. ശിരസ്സും...

കോവിലകം നടുങ്ങുന്ന അലർച്ചക്കിടയിൽ രണ്ട് പടികൾ കൂടി തകർത്തുകൊണ്ട് സുരേഷ് സിമന്റുതറയിൽ മലർന്നുവീണു.

''അയ്യോ...."

അതുകണ്ട് ഹേമലതയും രേണുകയും അലറിക്കരഞ്ഞു. കുട്ടികളും...

ശ്രീനിവാസ കിടാവിന്റെ തൊണ്ടയിലും ഒരു നിലവിളി കുരുങ്ങി.

''മോനേ.."

കിടാവ്, മകനെ താങ്ങി എഴുന്നേൽപ്പിക്കുവാൻ ശ്രമിച്ചു.

കഴിഞ്ഞില്ല...

നടുവെ ഒടിഞ്ഞ ഒരു വാഴപ്പിണ്ടിപോലെയായിരുന്നു സുരേഷ്.

മാത്രമല്ല അയാളുടെ ശിരസ്സിന്റെ പിൻഭാഗം പൊട്ടി ചോര തറയിലേക്കു പടർന്നു...

''അച്ഛാ..."

അവനെന്തോ പറയുവാൻ ഭാവിച്ചു.

കഴിയുന്നില്ല... നാവു കുഴഞ്ഞു. അതോടെ സുരേഷിന്റെ സ്വബോധം പോയി...

''എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം."

ഹേമലത തി​ടുക്കം കൂട്ടി​.

ശി​രസ്സി​നു പി​ന്നി​ലെ മുറി​വ് ആപൽക്കരമാണെന്നു കി​ടാവും അറി​ഞ്ഞു.

മുഖമുയർത്തി​ അയാൾ തട്ടി​ൻ പുറത്തേക്കൊന്നു കണ്ണയച്ചു.

ശേഷം എല്ലാവരും കൂടി​ച്ചേർന്ന് സുരേഷി​നെ വല്ലവി​ധേനയും താങ്ങി​യെടുത്ത് പുറത്തേക്കു കൊണ്ടുപോയി​...

''ഭാനുമതീ... വാതിലടച്ചോ..."

ഹേമലത, ജോലിക്കാരിയോട് വിളിച്ചു പറഞ്ഞു.

കാറിന്റെ പിൻസീറ്റിൽ സുരേഷിനെ കയറ്റി. ഹേമലത ഭർത്താവിന്റെ ശിരസ്സുയർത്തി മടിയിൽ വച്ചു.

രേണുകയും കുട്ടികളും കിടാവിനൊപ്പം മുൻസീറ്റിലും കയറി.

കിടാവ് കാർ പറപ്പിച്ചുവിട്ടു.

തന്റെ മടിയിലേക്ക് ചോരവീണു നനയുന്നത് ഹേമലത അറിഞ്ഞു.

കാർ ഓടിക്കുന്നതിനിടയിൽ കിടാവ് ഫോണെടുത്ത് സി.ഐ അലിയാരെ വിളിച്ചു വിവരം പറഞ്ഞു.

അരമണിക്കൂർ.

അലിയാരും എസ്.ഐ സുകേശും അടങ്ങുന്ന പോലീസ് സംഘം കോവിലകത്തെത്തി.

ഭാനുമതി വാതിൽ തുറന്നുകൊടുത്തു.

സി.ഐയും സംഘവും തട്ടിൻപുറത്തേക്കു കയറുന്ന കോണിപ്പടിയുടെ ചുവട്ടിലെത്തി.

തന്റെ തൊപ്പിയൂരി ഒരു പോലീസുകാരനെ ഏൽപ്പിച്ചിട്ട് അലിയാർ ഒരു ഹെഡ്‌ലൈറ്റ് എടുത്ത് ശിരസ്സിലുറപ്പിച്ചു.

അരയിലെ തുകൽ ഉറയിൽ നിന്നു റിവോൾവറും വലിച്ചെടുത്തു.

''സാർ... ഞാൻ ആദ്യം കയറാം." സുകേശ് അനുവാദം തേടി.

''വേണ്ടാ..."

പടികൾ അടർന്ന ഗോവണിയിലൂടെ ഹെഡ്‌ലൈറ്റ് തെളിച്ചുകൊണ്ട് സൂക്ഷ്മതയോടെ അലിയാർ മുകളിലേക്കു കയറി.

ഏത് സെക്കന്റിലും നിറയൊഴിക്കുവാൻ പാകത്തിൽ അയാൾ റിവോൾവർ പിടിച്ചിരുന്നു.

അലിയാർ തട്ടിൻപുറത്തേക്കു തലനീട്ടി.

ഓട്ടുപാത്രങ്ങൾക്കും നിലവിളക്കുകൾക്കുമിടയിൽ ഒരു രൂപത്തിൽ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം ചെന്നു തറച്ചു.

(തുടരും)