k-muraleedharan

വട്ടിയൂർക്കാവിൽ നിന്ന് വടകരയിലേക്ക് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രാരംഭഘട്ടത്തിൽ കാര്യങ്ങൾ തനിക്കത്ര സരളമായിരുന്നില്ലെന്ന് കെ.മുരളീധരൻ. തിരുവനന്തപുരമോ കൊച്ചിയോ പോലല്ല വടകരയെന്നും, പാർട്ടി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ട സ്ഥലത്ത് മരണവീട്ടിൽ ചെന്നാൽ പോലും മിണ്ടാത്ത പ്രകൃതങ്ങളായിരുന്നുവെന്നും മുരളീധരൻ പറയുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുരളിയുടെ വാക്കുകൾ-

'പാർട്ടി എന്നെ ഏൽപ്പിച്ച ദൗത്യം വടകരയിലെ സ്ഥാനാർത്ഥിത്വമായിരുന്നു. എല്ലാവരും സഹായിച്ചു ജയിച്ചു, എം.പിയായി. എം.പിയായതിനു ശേഷമുള്ള ആദ്യത്തെ മൂന്നുമാസക്കാലത്തിൽ, രണ്ടുമാസം പാർലമെന്റ് സമ്മേളനമായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോൾ അതിന്റെയൊക്കെ പല കാര്യങ്ങളും പഠിക്കാൻ പറ്റി. ഒരുപാട് പ്രശ്‌നങ്ങളുള്ള മണ്ഡലമാണ് വടകര. അവരൊരുപാട് വികസനം ആഗ്രഹിക്കുന്നവരാണ്. എനിക്ക് ഏറ്റവും സന്തോഷമുള്ളത് കഴിഞ്ഞ നാല് മാസത്തിനിടയിൽ അവിടെ ഒരു അക്രമസംഭവവും അരങ്ങേറിയിട്ടില്ല എന്നതാണ്. ശാന്തമായിട്ടുള്ള അന്തരീക്ഷം വന്നു.

അവിടെയുള്ള മഹാഭൂരിപക്ഷം സ്ഥാപനങ്ങളും ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. എന്നിട്ടും പലരുമായിട്ടും ഒരു സ്നേഹബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. ആ ഭാഗങ്ങളിലൊന്നും തിരുവനന്തപുരമോ കൊച്ചിയോ പോലല്ല. അസ്ഥിയിൽ പിടിച്ച രാഷ്‌ട്രീയമുള്ള സ്ഥലമാണ്. പാർട്ടിഗ്രാമങ്ങൾ. പാർട്ടിയുടെ ശക്തമായ പ്രവർത്തനങ്ങൾ. ഒരു മരണവീട്ടിൽ വച്ചു കണ്ടാൽ പോലും സംസാരിക്കാത്ത പ്രകൃതങ്ങളൊക്കെയാണ്. അവിടെ ചെന്ന് അവരുമായിട്ട് കുറേ പ്രവർത്തിച്ചപ്പോൾ രാഷ്‌ട്രീയം നോക്കി പെരുമാറുന്ന എം.പിയല്ല എന്ന ഫീലിംഗ് കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞു'.

അഭിമുഖത്തിന്റെ പൂർണരൂപം-