mind-

ഇന്ന് ഒക്ടോബർ പത്ത് ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്, ഇന്ന് ലോകമാനസികാരോഗ്യദിനമാണ്. ആരോഗ്യമുള്ള ശരീരം വേണമെങ്കിൽ ആരോഗ്യമുള്ള മനസ് വേണമെന്ന് കേട്ട് വളരുന്നവാരാണ് നാം. എന്നാൽ ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ തളർന്ന് വിഷാദ രോഗികളായും, ജീവിതം മടുത്ത് ആത്മഹത്യയെ പുൽകുന്നവരും ഏറെയുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. സാക്ഷരതയിലും, മറ്റ് ജീവിത നിലവാര സൂചികയിലും ഒന്നാം സ്ഥാനം തുടരുന്ന കേരളീയർ തന്നെയാണ് നമ്മുടെ രാജ്യത്ത് ആത്മഹത്യയിൽ അഭയം തേടുന്നതിലും മുമ്പിട്ട് നിൽക്കുന്നത്. ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശം തന്നെ ആത്മഹത്യ ചെറുക്കുക എന്നതാണ്.

മനസിന്റെ ഭാരം ലഘൂകരിക്കാൻ, ആത്മഹത്യയുടെ പാത വെടിഞ്ഞ് വീണ്ടും സ്വയം ജീവിത പാതയിലൂടെ സഞ്ചരിക്കുവാനായി നമ്മെ പ്രാപ്തരാക്കാനുള്ള ഉപദേശങ്ങളും, സന്ദേശങ്ങളും പ്രചരിപ്പിക്കുകയാണ് മാനസികാരോഗ്യ വിദഗ്ദ്ധർ.


കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒക്ടോബർ 10!!

എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത..
ഇന്നു ലോകമനസികാരോഗ്യദിനമാണ്..
ആത്മഹത്യ ചെറുക്കുക എന്നതാണ് ഇന്നത്തെ ദിവസത്തിന്റെ ലക്ഷ്യം..

സങ്കീർണ്ണവും അതിലേറെ വിലപ്പെട്ടതുമായ നമ്മുടെ സ്വന്തം മനസ്സ്..
അതങ്ങു അങ്ങ് ചേര്ത്തു വെയ്ക്കാം..
ജീവനുള്ള കാലം വരെ ,
ചുമക്കാൻ ഭാരമുള്ള വസ്തു ആയി സ്വയം മാറാതെ ഇരിക്കാം...
മനസ്സുണ്ടെൽ ശരീരം ഉണ്ട്..
ശരീരം പോയാൽ ,
മനസ്സും പോയി..!
ആദ്യം സ്വയം സ്‌നേഹിച്ചു തുടങ്ങണം....
ജീവിതം യന്ത്രസമാനമാകാതിരിക്കാൻ വേണ്ടിയാകണം യുദ്ധം ചെയ്യേണ്ടത്..!
അവനവന്റെ ചിന്തകളോട്...

വിഷാദാവസ്ഥ അനുഭവിക്കാത്തവർക്കു, അതിന്റെ ഭീകരത മനസ്സിലാകില്ല..
നെഞ്ചത്ത് തേങ്ങലുകൾ കെട്ടിനിൽക്കും..
പുറത്തോട്ട് വരാതെ എത്രമാത്രം നിസ്സഹായയും ദുർബലയും ആണെന്ന് സ്വയം പഴിക്കും..
സ്വന്തം മനസ്സ് എങ്ങനെ എന്ന് തീരെ അറിഞ്ഞില്ല എങ്കിൽ അത് അപകടമാണ്,
അതിലേറെ അപായം കൂടുതൽ അറിയുന്നതാണെന്നു തോന്നും..

ഒരു ഘട്ടം കഴിയുമ്പോൾ ചിന്താശേഷി പോലും ഇല്ലാത്ത മട്ടിൽ എത്തും..
വിശപ്പ് തോന്നാതെ ഭക്ഷണം കഴിക്കും..
ഉറക്കം നഷ്ടപ്പെട്ടു ചിന്തകളിൽ അലയും..
ഭയമാണ് ചുറ്റും നോക്കുമ്പോൾ എന്ന അവസ്ഥ..
മതിയായി..
ഇനി വയ്യ മുന്നോട്ട്..
ഈ വൈകാരിക സംഘർഷം സഹിക്കാൻ വയ്യ..
മരിച്ചു പോയാൽ മതി..
അങ്ങനെ ചിന്ത വരുന്നു...

പറ്റില്ല, അങ്ങ് കളഞ്ഞേക്കാം എന്ന് കരുതാൻ പറ്റില്ലല്ലോ.. ???
നമ്മുടെ ജീവിതം, നമ്മുടെ ജീവൻ...


ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നം പോലും നാം അവഗണിക്കുന്നില്ല എങ്കിൽ മനസ്സിന്റെ പ്രശ്നം എന്തിനു അവഗണിക്കുന്നു?

ആത്മഹത്യ എന്ന വാക്ക് തുടരെ പറയുന്നു എങ്കിൽ,
നമ്മുടെ ആ പ്രിയപെട്ടവരെ ഒന്ന് അറിയൂ..
അവരെ ചേർത്ത് പിടിക്കു..
ആവശ്യമായ ചികിത്സ നൽകു..
ജീവിതത്തിലോട്ട് കൊണ്ട് വരൂ..
മുറുക്കി പിടിക്കാൻ ഒരു കൈ കിട്ടിയാൽ തന്നെ അവർ മുന്നോട്ട് നടക്കും..