കോഴിക്കോട് : കേരളം ചർച്ചചെയ്യുന്ന കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ കനത്ത സുരക്ഷയിൽ കോടതിയിൽ ഹാജരാക്കുമ്പോൾ മാദ്ധ്യമങ്ങൾ തിരഞ്ഞത് ജോളിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകനെയായിരുന്നു. ഏറെ നാളുകളായി കോളിളക്കമുണ്ടാവുന്ന കേസുകളിൽ പ്രതികൾക്കായി ഹാജരാകുന്ന ക്രിമിനൽ അഭിഭാഷകനായ ആളൂർ, കൂടത്തായി കൊലപാതക കേസിലും ജോളിക്കായി വാദിക്കാനെത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ആളൂരിനെ ഈ കേസിൽ നിയോഗിക്കാൻ താത്പര്യമില്ലെന്ന് ജോളിയുടെ സഹോദരനായ നോബി വ്യക്തമാക്കിയിരുന്നു. എന്നാൽ താമരശേരി കോടതിയിൽ പ്രതിജോളിക്ക് വേണ്ടി വക്കാലത്ത് ഒപ്പിടാൻ അഡ്വ. ആളൂരിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റാണ് എത്തിയത്. കേസിലെ പ്രതികളെ ആറുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവാകുകയും ചെയ്തിട്ടുണ്ട്.
ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു കൊണ്ട് ആളൂരിന്റെ ജൂനിയർ എന്നു പരിചയപ്പെടുത്തി ഒരാൾ വിളിച്ചിരുന്നതായി ജോളിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ജോളിക്കായി യാതൊരു നിയമസഹായവും ഏർപ്പെടുത്തേണ്ട എന്ന തീരുമാനത്തിലാണ് കുടുംബം. 'അവൾ കൊന്നത് മനുഷ്യരെയല്ലേ, കൊല്ലപ്പെട്ടവരെല്ലാം ഞങ്ങൾക്കു വേണ്ടപ്പെട്ടവരും. അതുകൊണ്ടു തന്നെ മരിച്ചാലും ഞങ്ങളുടെ തീരുമാനത്തിനു മാറ്റമില്ല'' എന്നാണ് നോബി മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്. അതേ സമയം നോബിയെ ബന്ധപ്പെട്ടതിനു പിന്നാലെ ആളൂരിന്റെ പ്രതിനിധി റിമാന്റിലുള്ള ജോളിയെ കാണാനും ശ്രമം നടത്തിയിരുന്നു. ഇതിനായി ജില്ലാ ജയിലിൽ എത്തിയെങ്കിലും അവധി ദിവസമായതിനാൽ അന്ന് ജോളിയെ കാണാനായിരുന്നില്ല.
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന കേസുകളിൽ പ്രതിഭാഗത്തിനായി കോടതിയിൽ ഹാജരാകുന്ന ശീലം അഡ്വ. ആളൂരിന് മുൻപുമുണ്ട്. സൗമ്യ വധക്കേസിൽ കീഴ്‌കോടതിയിൽ വധശിക്ഷ വിധിച്ച ഗോവിന്ദച്ചാമിക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായി, ശിക്ഷ ഏഴുവർഷമാക്കി ചുരുക്കിയത് ആളൂർ ഹാജരായി വാദിച്ചതോടെയാണ്. ഇതിനു പിന്നാലെ പെരുമ്പാവൂരിലെ ജിഷ കൊലക്കേസിലും പ്രതിയ്ക്കായി ആളൂർ ഹാജരായിരുന്നു. കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ തന്റെ ആളുകൾ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും ദുർബലമായ കേസാണ് കേരള പൊലീസ് കുത്തിപ്പൊക്കുന്നതെന്നുമാണ് ആളൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.